ഫേഷ്യൽ ചെയ്തതിനെ തുടർന്ന് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു. ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നൽകി ഫേഷ്യൽ ചെയ്തതിനെ തുടർന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. മുബൈയിലെ അന്ധേരിയിലാണ് സംഭവം.
ജൂൺ 17നാണ് സംഭവം. 17,000 രൂപയ്ക്കാണ് യുവതി ഫേഷ്യൽ ചെയ്തത്. ഫേഷ്യൽ തുടങ്ങി ആദ്യഘട്ടത്തിൽ തന്നെ ചെറിയ അസ്വസ്ഥത തോന്നുന്നതായി യുവതി ഇത് ചെയ്യുന്നവരെ അറിയിച്ചിരുന്നു. എന്നാൽ ചിലർക്ക് ചില ഉത്പന്നങ്ങൾ ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നും അത് സാധാരണമാണെന്നും കുറച്ച് സമയം കൂടി കാത്താൽ സുഖമാകുമെന്നും ഇവർ യുവതിയെ ധരിപ്പിച്ചു. ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾ ഈ അസ്വസ്ഥതയുണ്ടാകുമെന്നും അതിൽ പേടിക്കാനില്ലെന്നും ഇവരറിയിച്ചു.
പിന്നീട് യുവതിയുടെ മുഖത്ത് പൊള്ളൽ രൂക്ഷമായി വന്നു. നിലവാരമില്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ ഉത്പന്നങ്ങൾ ഉപയോഗിച്ചതോ, വിവിധ ഉത്പന്നങ്ങൾ മിക്സ് ചെയ്യുമ്പോൾ കൃത്യമല്ലാത്ത അനുപാതത്തിലായതോ ആകാം യുവതിയുടെ മുഖത്ത് പൊള്ളലേൽക്കാൻ കാരണമായത് എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എന്തായാലും സംഭവത്തിൽ സലൂണിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും വീട്ടുകാരുടെയും തീരുമാനം.