സഹസംവിധായകനായി സിനിമയിലെത്തി പിന്നീട് അഭിനയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ. ദീര്‍ഘകാലം സംവിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച ഷൈൻ 2011കമൽ തന്നെ സംവിധാനം ചെയ്ത ‘ഗദ്ദാമ’യിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. കൂടാതെ ആദ്യമായി അസോസിയേറ്റ് ആവുന്നതും ചെറിയ വേഷം ചെയ്തതും കമലിന്റെ മറ്റൊരു ചിത്രമായ ‘നമ്മളിലാണ്.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഗുരുവായ കമലിന്റെ ചിത്രത്തിൽ നായകനായെത്തുകയാണ് ഷൈൻ ടോം ചാക്കോ. കമൽ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിലാണ് ഷൈൻ നായകനായെത്തുന്നത്. തൊടുപുഴയ്ക്കടുത്തുള്ള മണക്കാട്, പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ പാരിഷ് ഹാളിൽ നടന്ന ചെറിയ ചടങ്ങായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, അഭിനേതാക്കൾ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിധ്യത്തിൽ സിബി മലയിലും കമലും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നിർമാതാക്കളായ നെടിയത്ത് നസീബ്, ആഷിഖ് അബു, ഷെല്ലി രാജ്, ഷൈൻ ടോം ചാക്കോ, ശരൺ വേലായുൻ, രഞ്ജൻ ഏബ്രഹാം എന്നിവരും അഭിനേതാക്കളും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.
സംവിധായകൻ സിബി മലയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നടത്തിയത്. ആഷിഖ് അബുവും ഷൈൻ ടോം ചാക്കോയും ചേർന്ന് ചിത്രത്തിന്റെ സ്വിച്ചോൺ കർമവും നിർവഹിച്ചു. നിർമാതാക്കളുടെ കുട്ടികളാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ജോണി ആന്റണി, സിബി മലയിൽ, ആഷിഖ് അബു, ദിലീഷ് നായർ, ഷൈൻ ടോം ചാക്കോ, മാലാ പാർവതി, മെറീനാ മൈക്കിൾ, ഗ്രേസ് ആന്റണി, സ്മിനു സിജോ എന്നിവർ ആശംസകൾ നേർന്നു. ജിനു ഏബഹാം, ബാദുഷ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.