അച്ഛനായ വിവരം പങ്കുവച്ച് നടനും നർത്തകനുമായ പ്രഭുദേവ. സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം തത്ക്കാലം നിർത്തിവയ്ക്കുകയാണ്. കുറച്ചുനാൾ കുടുംബത്തിനൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടനായും നർത്തകനായും സംവിധായകനുമെല്ലാം സിനിമാലോകത്തിന് ഏറെ സുപരിചിതനായ താരമാണ് പ്രഭുദേവ. മൂന്ന് വർഷം മുമ്പാണ് പ്രഭുദേവയും ഹിമാനി സിംഗും തമ്മിൽ വിവാഹിതരായത്. ഇപ്പോൾ ഒരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് താരം.
അതേസമയം പ്രഭുദേവയുടേയും ഹിമാനിയുടേയും ആദ്യത്തെ കുഞ്ഞാണിത്. കൂടാതെ അമ്പതാമത്തെ വയസിൽ ഒരു കുഞ്ഞിന്റെ അച്ഛനായെന്നും പ്രഭുദേവ സന്തോഷത്തോടെ പ്രതികരിച്ചു. വളരെ സന്തോഷമുണ്ടെന്നും ഇപ്പോൾ പൂർണനായെന്ന് തോന്നുന്നതായും പ്രഭുദേവ പറഞ്ഞു.
മലയാളിയായ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘പേട്ട റാപ്’ ആണ് പ്രഭുദേവ നായകനായി അടുത്തിടെ പ്രഖ്യാപിച്ച ചിത്രം. റംലത്താണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. വിശാൽ, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആൺമക്കളായിരുന്നു റംലത്തിനും പ്രഭുദേവയ്ക്കുള്ളത്. ഇതിൽ വിശാൽ 2008-ൽ അന്തരിച്ചു. 2010-ലായിരുന്നു റംലത്തും പ്രഭുദേവയും തമ്മിൽ വിവാഹ ബന്ധം വേർപ്പെടുത്തിയത്.