നിതീഷ് തീവാരി ചിത്രമായ രാമായണത്തിൽ രാവണ കഥാപാത്രമാകാൻ ഇല്ലെന്ന് യാഷ്. നടന്റെ ടീം അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രൺബീർ കപൂറും ആലിയ ഭട്ടും രാമനും സീതയുമായി എത്തുന്ന ചിത്രത്തിൽ രവണനാവാൻ യാഷിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
രാവണൻ വളരെ ചലഞ്ചിങ്ങായ കഥാപാത്രമാണ്. എങ്കിലും ഈ വേഷം ചെയ്യില്ലെന്ന് നടന്റെ ടീമിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടാണ് പുറത്ത് വിട്ടത്. യാഷ് നെഗറ്റീവ് വേഷത്തിൽ എത്തുന്നത് കാണാൻ അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നില്ല. രാവൺ ഒരു ശക്തനായ കഥാപാത്രമാണെങ്കിൽ പോലും അദ്ദേഹത്തിന്റെ ആരാധകർ ഒരിക്കലും ഇക്കാര്യത്തിൽ സന്തോഷിക്കില്ലെന്ന് ടീം അംഗങ്ങൾ പറഞ്ഞു. അതേസമയം ആരാധകരുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും അവരുടെ ഇഷ്ടത്തിനെതിരെയുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കില്ലെന്നും യാഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ ചിത്രത്തിൽ രാവണന്റെ വേഷം അവതരിപ്പിക്കാൻ ഹൃത്വിക് റോഷനെ സമീപിച്ചതായും വാർത്തൾ പ്രചരിക്കുന്നുണ്ട്. കൂടാതെ സായ് പല്ലവി സീതയായി എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. മഹേഷ് ബാബു, ദീപിക പദുക്കോണ്‍ എന്നീ പ്രമുഖ നടന്മാരെയും ചിത്രത്തിനായി സംവിധായകൻ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ വിമർശിച്ച് നടി കങ്കണ രംഗത്ത് എത്തിയിരുന്നു. രൺബീറിനെ രാമനാക്കാതെ യാഷിനെ ആ വേഷത്തിൽ കാസ്റ്റ് ചെയ്യാനായിരുന്നു നടി അഭിപ്രായപ്പെട്ടത്.