ബഹ്റൈനിൽ ലൈസൻസില്ലാത്ത ആറ് റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ലേബർ മാർക്കർ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടപടിയെടുത്തു. ആഭ്യന്തര മന്ത്രാലയവും ക്യാപിറ്റൽ ഗവർണറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആവശ്യമായ ലൈസൻസുകൾ ഇല്ലെന്ന് കണ്ടെത്തിയ മാൻപവർ ഏജൻസികൾക്കെതിരെ നടപടിയെടുത്തത്. കൂടാതെ റെസിഡൻസി നിയമങ്ങൾ, ലേബർ മാർക്കറ്റ് ന്നിവ ലംഘിച്ച 27 തൊഴിലാളികളെയും കണ്ടെത്തി. ഇവരെയും നിയമനടപടികൾക്കായി റഫർ ചെയ്തിട്ടുണ്ടെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.
അതേസമയം ലേബർ മാർക്കറ്റ് നിയമങ്ങൾ പാലിക്കാത്ത മാൻപവർ ഏജൻസികൾ ഇനിയും ബഹ്റൈനിൽ ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് എൽ.എം.ആർ.എ അറിയിച്ചു. ലേബർ സപ്ലൈ ഏജൻസി ലൈസൻസ് അടക്കമുള്ള കാര്യങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. അംഗീകൃതമായ മാൻപവർ ഏജൻസികളുടെ പട്ടിക എൽ.എം.ആർ.എ ഔദ്യോഗിക വെബ്സൈറ്റായ www.lmra.gov.bh ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ഏജൻസികളുടെ വിശ്വസ്ഥത ഉറപ്പുവരുത്തണമെന്ന് എൽ.എം.ആർ.എ അറിയിച്ചു. കൂടാതെ പരാതികളും നിയമ ലംഘനങ്ങളും ക്രമരഹിതമായ തൊഴിൽ രീതികളും ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് പരാതി വിളിച്ചറിയിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതോറിറ്റി വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ അതോറിറ്റി കോൾ സെന്ററിൽ 17506055 എന്ന നമ്പറിൽ വിളിച്ചോ പരാതികൾ നേരിട്ട് രേഖപ്പെടുത്താം.