ഷാർജയിലെ പൊതുസ്ഥലങ്ങളിൽ പരസ്യം പതിച്ചാൽ 3,000 ദിർഹം(ഏകദേശം 70,000 രൂപയോളം) പിഴ ഈടാക്കും. ഇത് സംബന്ധിച്ച മുന്നറിയിപ്പ് നോട്ടീസ് ഷാർജ മുനിസിപ്പാലിറ്റി പുറത്തുവിട്ടിട്ടുണ്ട്. ഷാർജയിലെ ചുമരുകൾ, വിളക്കുകാലുകൾ, പാലങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ, വില്ലകളുടെയും വാടകവീടിന്റെയും ചുമരുകൾ, എന്നീ സ്ഥലങ്ങളിലാണ് പതിവായി പരസ്യം കാണപ്പെടുന്നത്.
അതേസമയം ഇത്തരം പരസ്യങ്ങൾ എമിറേറ്റിന്റെ സംസ്കാരത്തിനും ഭംഗിക്കും ഭംഗമുണ്ടാക്കുന്നതായി അധികൃതർ കണ്ടെത്തി. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലുള്ള നഗരമാണ് ഷാർജ. അതുകൊണ്ട് തന്നെ ഇത് ഗുരുതരമായ കുറ്റമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ചില വ്യക്തികളും കമ്പനികളുമാണ് വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി അനുമതി കൂടാതെ പൊതുസ്ഥലങ്ങളിൽ പരസ്യം പതിക്കുന്നത്. ഇത് ഗവൺമെന്റിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. അതിനാൽ ഇത്തരം നിയമലംഘനങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും അധികൃതർ അറിയിച്ചു.