പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം ആകെ 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. കൂടാതെ പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 7.96 ലക്ഷം വോട്ടർമാരാണ് കുവൈറ്റിലുള്ളത്.
അതേസമയം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 ഓളം മാധ്യമപ്രവർത്തകരും കുവൈറ്റിലുണ്ടെന്ന് അധികൃതർ അറിയിച്ചു. മൂന്ന് വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ഏപ്രിൽ നാലിന് നിലവിൽ വന്ന പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ കുവൈറ്റ് അമീർ ഉത്തരവിട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗം പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ പാർലമെന്റും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് അസംബ്ലികളും കാലാവധി പൂർത്തിയാക്കാതെ തന്നെ പിരിച്ച് വിടുകയായിരുന്നു.
2022 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കുകയും 2020ലെ പാർലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തതായി മാർച്ചിൽ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ ഏപ്രിൽ നാലിന് നിലവിൽ വന്നു. പിന്നീട് അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ മന്ത്രിസഭ പിരിച്ചുവിട്ടു. ഇതോടെ രാജ്യം വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കൂടി സാക്ഷിയാകേണ്ടി വരികയാണിപ്പോൾ.