ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് പരാതിക്കാരി. പ്രതിക്ക് പൂമാലയും പരാതിക്കാരിയായ തനിക്ക് കല്ലേറും ആണ് ലഭിച്ചതെന്നും യുവതി രോഷാകുലയായി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വലിയ വേട്ടയാടലാണ്. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമെന്ന അവസ്ഥയാണ് ഇപ്പോൾ. ഇതിനെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി. കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് സ്വദേശിയായ സവാദിനെ ഇന്നലെയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ പൂമാലയണിയിച്ച് സ്വീകരിച്ച്. അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിന് പുറത്തുവച്ച് സവാദിന് സ്വീകരണം നൽകിയത്.
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കണ്ടക്ടറുടെ ഇടപെടലിനെത്തുടർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ യുവതി തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.