റോഡ് നിയമ ലംഘനങ്ങള്‍ക്ക് എഐ ക്യാമറ നാളെ മുതൽ പിഴ ചുമത്തും. 726 എഐ ക്യാമറകളാണ് കേരളത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കിയതിന് ശേഷം നിര്‍ത്താതെ പോകകുക എന്നിവ പിടിക്കാന്‍ 675 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സിഗ്‌നല്‍ ലംഘിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്. കൂടാതെ അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതും അമിത ശബ്ദം ഉണ്ടാക്കുന്നതും ക്യാമറകള്‍ കണ്ടെത്തും. ഹെല്‍മറ്റ് , സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപ പിഴ ചുമത്തും. കൂടാതെ ടുവീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപയും പിഴ ചുമത്തും. അതേസമയം ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴയായി ഈടാക്കുക. അനധികൃത പാര്‍ക്കിംഗിന് 250 രൂപയും അമിതവേഗത്തിന് 1500 രൂപയും പിഴ ചുമത്തും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക ഈടാക്കുന്നത്. എന്നാൽ ജംഗ്ഷനുകളില്‍ ഉണ്ടാവുന്ന ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിയ്ക്കായിരിക്കും കൈമാറുക.
നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ തന്നെ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്തും അയക്കും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.