ജനങ്ങൾക്ക് മാതൃകയായ രീതിയിലും കുറഞ്ഞ സമയത്തിനുള്ളിലും സേവനം ഉറപ്പാക്കിയ ഉദ്യോഗസ്ഥനെകുറിച്ച് കുറിപ്പുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലീഷ്മെന്റ് സിഇഒയായ ഉമർ ഹമദ് ഷിഹാബാണ് ഭരണാധികാരിയുടെ പ്രശംസ പിടിച്ചു പറ്റിയത്. സർക്കാരിന്റെ ഭാഗമായ രഹസ്യ ഏജൻസികൾ സേവനം തേടി ഓഫിസിലെത്തിയപ്പോൾ സിഇഒയുടെ മുറിയിലായിരുന്നില്ല ഒമർ. പൊതുജനങ്ങൾക്കു സേവനം നൽകുന്ന കൗണ്ടറിലായിരുന്നു അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്നതെന്ന് ശൈഖ് മുഹമ്മദ് കുറിച്ചു. ഭവന നിർമാണവുമായി ബന്ധപ്പെട്ടുള്ള സർക്കാർ സ്ഥാപനമാണ് മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റബ്ലീഷ്മെന്റ്.
ജനങ്ങളെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സേവനങ്ങൾ എളുപ്പമാക്കാനും സിഇഒ നേരിട്ട് ഇടപെടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. ഓഫിസിലെത്തുന്നവർക്ക് പരമാവധി അഞ്ച് മിനിറ്റിൽ സേവനം ലഭ്യമാക്കാൻ സിഇഒയുടെ നിരന്തര ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് രഹസ്യ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഏതൊരു സ്ഥാപനത്തിന്റെയും ജീവൻ അവിടുത്തെ ജനങ്ങളാണ്. കൂടാതെ സേവനങ്ങൾ പൂർണ സംതൃപ്തിയോടെ ലഭിക്കുക എന്നത് ജനങ്ങളുടെ മൗലിക അവകാശമാണ്. ഓരോ സർക്കാർ സ്ഥാപനവും ഉയർത്തിപ്പിടിക്കേണ്ട തത്വം അതായിരിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
അതേസമയം സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്ന പൗരന്മാർക്കും വിദേശികൾക്കും ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരം ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തണം. കൂടാതെ രഹസ്യ ഏജൻസികളുടെ സാന്നിധ്യം ഏത് ഓഫിസിലും ഏത് സമയത്തും പ്രതീക്ഷിക്കാം. കഴിഞ്ഞ 30 വർഷമായി രഹസ്യ ഏജൻസികൾ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ ഭരണകൂടത്തിന് കൈമാറുന്നുണ്ട്. ഇത് തുടരുമെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.