വിപുലീകരണത്തിന്റെ ഭാഗമായി ദുബായ് ആസ്ഥാനമായുള്ള എയർലൈനായ ഫ്ലൈ ദുബായിൽ ഈ വർഷം 1,000 ജീവനക്കാരെ നിയമിക്കാൻ പദ്ധതി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ 110 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റ് സർവീസ് നടത്തുന്ന എയർലൈനാണ് ഫ്ലൈ ദുബായ്. വിവിധ വകുപ്പുകളിലുടനീളം നിരവധി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഈ വർഷം 1,120 പുതിയ ജീവനക്കാർ ജോലിയിൽ ചേരുമെന്ന് ഫ്ലൈ ദുബായ് വക്താവ് വെളിപ്പെടുത്തി.
യുഎഇ ആസ്ഥാനമായുള്ള ലോ-കോസ്റ്റ് കാരിയറായ ഫ്ലൈ ദുബായ് ഈ വർഷം ആദ്യം മുതൽ 320 ജീവനക്കാരെയും 2023 അവസാനത്തോടെ വിവിധ തസ്തികകളിലേക്ക് 800-ലധികം പുതിയ ജീവനക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ, ഓഫീസ്- അടിസ്ഥാനമാക്കിയുള്ള ജീവനക്കാർ എന്നിവർ ഉൾപ്പെടും.
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എയർലൈനിന്റെ തൊഴിൽ ശക്തിയിൽ 24 ശതമാനം വർദ്ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇപ്പോൾ എയർലൈനിൽ 136 രാജ്യക്കാർ ജോലി ചെയ്യുന്നുണ്ട്. ആകെ 4,918 തൊഴിലാളികൾ (2020 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 3,922 ആയിരുന്നു) ഈ വർഷാവസാനത്തോടെ 5,774 ൽ എത്തുമെന്നാണ് കരുതുന്നത്. കൂടാതെ ഫ്ലൈ ദുബായിലെ തൊഴിലാളികളിൽ 36 ശതമാനവും സ്ത്രീകളാണെ ന്നും എയർലൈൻ വക്താവ് അറിയിച്ചു. ഒഴിവുള്ള തസ്തികകൾ അനുസരിച്ച് യുഎഇക്ക് പുറത്തുള്ള റിക്രൂട്ട്മെന്റ് ദിവസങ്ങളിൽ യുഎഇയിൽ വച്ചോ ഓൺലൈനായോ നേരിട്ടോ അഭിമുഖങ്ങൾ നടത്തുമെന്നും എയർലൈൻ വക്താവ് കൂട്ടിച്ചേർത്തു.
2023 ജനുവരി ഒന്നിനും മാർച്ച് 31 നും ഇടയിൽ 3.37 ദശലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് എയർലൈൻ റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം വർധനവാണ് ഉണ്ടായത്. തിരക്കേറിയ വേനൽക്കാല യാത്രാ കാലയളവിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ കാരിയർ പദ്ധതിയിടുന്നുണ്ടെന്നും എയർലൈൻ വക്താവ് അറിയിച്ചു.