ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തിയറ്ററുകളിൽ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ്. കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. എന്നാൽ 2018 ന്റെ വൻ വിജയം ചെറിയ ചിത്രങ്ങള്‍ക്ക് പ്രദർശിപ്പിക്കാനുള്ള അവസരം വെട്ടിച്ചുരുക്കുകയാണ് എന്നും, ചെറിയ പടങ്ങൾക്കും ഒരിടം നല്‍കണം എന്നുമുള്ള അപേക്ഷയുമായി എത്തിയിരിക്കുകയാണ് ‘ജാനകി ജാനേ’ യുടെ സംവിധായകന് അനീഷ് ഉപാസന. തുറന്ന കത്ത് ഫെയ്സ്ബുക്ക് പോസ്റ്റ് വഴി അദ്ദേഹം പോസ്റ്റ് ചെയ്തു. ആന്റോ ജോസഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് എന്ന് എഴുതിക്കൊണ്ടാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനേ’ ഉൾപ്പെടെ സുധി മാഡിസൺ സംവിധാനം ചെയ്ത ‘നെയ്മർ’,ഷഹദ് സംവിധാനം ചെയ്ത ‘അനുരാഗം’എന്നീ സിനിമകളുടെ റിലീസ് കൂടി ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക് പോസ്റ്റ്. ‘2018’ ന് തിയറ്റര്‍ ഉടമകള്‍ നല്കുന്ന പ്രാധാന്യം മൂലം ‘ജാനകി ജാനെയുടെ’ ഷോ ടൈം പല സ്ഥലങ്ങളിലും മാറ്റി. പ്രവർത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോകള്‍ നൽകുകയും ചെയ്തു. തിയ്യറ്ററുകാരുടെ ഇത്തരം രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അനീഷിന്റെ കുറിപ്പിന് മറുപടിയുമായി ജൂഡ് ആന്റണി രംഗത്ത് വന്നു. എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ജൂഡും. എന്നാൽ തിയറ്ററുകളിലെ ഷോ ടൈം തീരുമാനിക്കുന്നത് തിയ്യറ്റർ ഉടമകൾ ആണെന്ന് ജൂഡ് പറഞ്ഞു.
അനീഷിന്റെ ഫേസ്ബുക് പോസ്റ്റ്
2018 എന്നാ സിനിമ പൂർണമായും എടുത്ത് മാറ്റണം എന്നല്ല പറയുന്നത്. എന്നാൽ മറ്റുള്ള പടങ്ങൾക്ക് കൂടി പ്രദർശിപ്പിക്കാൻ ഒരിടം തരണം. പല വാതിലുകളിൽ മുട്ടിയിട്ടും നടക്കാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന കത്ത് എഴുതുന്നത്. ‘ജാനകി ജാനേ’ പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുന്നത് മാനസികമായി തളർത്തുന്നുണ്ട്.
ഇതിനൊരു മാറ്റം വരുത്തുക എന്നത് മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെ പോലുള്ളവർക്ക് മാത്രം സാധ്യമാവുന്ന കാര്യമാണ്. ‘ജാനകി ജാനേയും’ ഒരു സിനിമ തന്നെയാണ്. ഇനി വരാൻ പോകുന്നതും ചെറിയ സിനിമകളാണ്. 2018 ഉൾപ്പെടെ എല്ലാം സിനിമയാണ്. മലയാളികളുടെ സിനിമ. ആരും 2018 ന്റെ അടുത്ത് എത്തില്ലായിരിക്കും. എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ എന്നാണ് അനീഷ് ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്.
ജൂഡ് നൽകിയ മറുപടി
എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് എല്ലാവരും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. ‘അനുരാഗവും’ , ‘ജാനകി ജാനെ’യും ‘നെയ്മറും’ എല്ലാം ഉഗ്രൻ സിനിമകളാണ്. അതിന് പിന്നിലുള്ളവരുടെ അധ്വാനവും വലുതാണ്. തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് തിയ്യറ്റർ ഉടമകളും ജനങ്ങളുമാണ്. അതിനുള്ള അവകാശവും അവർക്കുണ്ട്. ജനങ്ങൾ വരട്ടെ, സിനിമകൾ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എല്ലാവരും ഒന്നല്ലേ? ഒരുമിച്ച് സന്തോഷിക്കാം. സ്നേഹം മാത്രം.