യുഎഇ തലസ്ഥാനത്തെ ഹൈവേകളിലുടനീളം പുതിയ റോഡ് അലേർട്ട് സംവിധാനം നടപ്പാക്കി അബുദാബി പോലീസ് . ട്രാഫിക് അപകടങ്ങളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഡ്രൈവർമാരെ അറിയിക്കുന്നതിന് റഡാർ പോലുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചത്. റോഡ് സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ട്രാഫിക് അപകടങ്ങളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഡ്രൈവർമാരെ അറിയിക്കാൻ സിസ്റ്റത്തിന് കഴിയും. ഡ്രൈവർമാർക്ക് മനസ്സിലാക്കാൻ കഴിയും വിധം വ്യത്യസ്ത നിറങ്ങൾ തെളിയുകയാണ് ചെയ്യുന്നത്. സൗരോർജ്ജവും ബാറ്ററികളും ഉപയോഗിച്ചാണ് ഫ്ലാഷ് അലേർട്ടുകൾ പ്രവർത്തിക്കുന്നത്. പകലും രാത്രിയും 200 മീറ്റർ വരെ ദൂരത്തിൽ നിന്ന് ഇവ ദൃശ്യമാകുമെന്നും പൊലീസ് അറിയിച്ചു.
ട്രാഫിക് അപകട സാധ്യതകളെ കുറിച്ച് ചുവപ്പും നീലയും നിറങ്ങളിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകും. മൂടൽമഞ്ഞ്, പൊടി അല്ലെങ്കിൽ മഴ പോലുള്ള പ്രതികൂല കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പിനായി മഞ്ഞനിറം തെളിയും. അബുദാബി പോലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളിൽ ഏറ്റവും പുതിയതാണ് സ്മാർട്ട് അലേർട്ട് സിസ്റ്റം. നിരവധി ആളുകളാണ് പുതിയ സംരഭത്തിന് പിന്തുണയുമായി എത്തിയതെന്നും പൊലീസ് അറിയിച്ചു.
പ്രതികൂല കാലാവസ്ഥയിലോ മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിലോ റോഡുകളിലെയും ഹൈവേകളിലെയും വേഗപരിധി സ്വയമേവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പദ്ദതി. ദൃശ്യപരത 200 മീറ്ററിൽ താഴെയായി കുറയുമ്പോൾ വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും. പരിഷ്കരിച്ച വേഗതകൾ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.