പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്തിറങ്ങി. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആണ്. ‘തിന്മയ്ക്ക് മേൽ നന്മയുടെ വിജയം’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
അതേസമയം വിഎഫ്എക്സ് ക്വാളിറ്റിയില്ല എന്നതിന്റെ പേരിൽ നേരത്തേ റിലീസ് ചെയ്ത ടീസറിന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കൂടുതൽ മികവോടെയാണ് ഇപ്പോഴത്തെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.
ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, എന്നീ ഭാഷകളിലായാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. ചിത്രത്തിൽ രാഘവ എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു.
നായികാ കഥാപാത്രമായ ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങുമാണ് അഭിനയിക്കുന്നത്. ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും വെള്ളിത്തിരയിലെത്തുന്നു. 250 കോടി മുതൽ മുടക്കിയാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജൂൺ 16ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.