മിഡിലീസ്റ്റിലെ വലിയ ‘റേഡിയോ ടെലിസ്കോപ്’പ്രവർത്തന സജ്ജമാക്കാനൊരുങ്ങി സൗദി അറേബ്യ. ഹാഇൽ നഗരത്തിലെ മഷർ നാഷണൽ പാർക്കിലാണ് 20 മീ. വ്യാസമുള്ള ഉപകരണത്തിന്റെ നിർമാണം. റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ ആകാശ നിരീക്ഷണം സാധ്യമാക്കുന്ന റേഡിയോ ടെലിസ്കോപ് സാങ്കേതിക പരിശോധന പൂർത്തിയാക്കിയ ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് സൗദി അമേച്വർ റേഡിയോ സൊസൈറ്റി വക്താക്കൾ അറിയിച്ചു.
ഹാഇലിലെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമായ മഷർ പാർക്കിലെ നിരീക്ഷണ മേഖലയിലാണ് റേഡിയോ ടെലിസ്കോപ് സംവിധാനം പൂർത്തിയാകുന്നത്. ഹാഇൽ മുനിസിപ്പാലിറ്റിയുടെ പൂർണ സഹകരണത്തോടെയാണ് സ്ഥാപിതമായതെന്ന് സൗദി അമേച്വർ റേഡിയോ സൊസൈറ്റി ചെയർമാൻ ബദർ ബിൻ ഫഹദ് ബിൻ ഫൈസൽ പറഞ്ഞു. അതേസമയം സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030ലെ ജ്യോതിശാസ്ത്ര പദ്ധതിയിലെ ലക്ഷ്യങ്ങളിൽ മുഖ്യമായ ഒന്നാണ് റേഡിയോ ടെലിസ്കോപ് സംവിധാനം.
ഡിജിറ്റൽ രംഗത്ത് വിപ്ലവം, സുസ്ഥിര വികസനം, സാങ്കേതിക രംഗത്തെ സാമൂഹിക വികാസം, ആധുനിക ശാസ്ത്ര സാങ്കേതിക രംഗങ്ങൾ ഉപയോഗപ്പെടുത്തി ബഹുമുഖ മേഖലയിലെ മാറ്റം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ പദ്ധതി വിജയം കാണുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സൊസൈറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി. വ്യവസായ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ വികസനം കാര്യക്ഷമമാക്കാനും വിവിധ മേഖലകളിൽ വൻ കുതിപ്പ് സാധ്യമാക്കും. കൂടാതെ ഡിജിറ്റൽ രംഗത്തും മറ്റ് മേഖലകളിലും വൻ പുരോഗതിയും ഉണ്ടാക്കാൻ രാജ്യം വൻ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.