കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ പ്രഖ്യാപിച്ച നികുതി വർദ്ധനക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെ കെട്ടിട നിർമ്മാണ പെർമിറ്റിന് ഏർപ്പെടുത്തിയ ഫീസ് വർദ്ധനയിൽ സർക്കാർ ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ജനരോഷം കണക്കിലെടുത്ത് തീരുമാനം. ഫീസ് വർദ്ധനവ് പുനഃപരിശോധിക്കണമെന്ന സിപിഎം പാർട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നീക്കം.
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനയിൽ കടുത്ത വിമർശനമാണ് മൂന്ന് ദിവസങ്ങളിലായി നടന്ന സിപിഎം നേതൃയോഗത്തിൽ ഉയർന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ജനരോഷം കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും നിരക്ക് വർദ്ധന പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ അടങ്ങിയ സബ് കമ്മറ്റിയുടെ കൂടി നിർദ്ദേശങ്ങൾ പരിഗണിച്ചാകും പുനഃപരിശോധന. പൊതുജനങ്ങളിൽ തുടങ്ങി പാർട്ടിക്കകത്ത് വരെ എതിരഭിപ്രായം ഉയർന്ന സ്ഥിതിക്ക് നിരക്ക് വർദ്ധനയിൽ ചെറിയ ഇളവ് വരുത്തി ജനരോഷം മറികടക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പിൽ നിന്ന് അധികം വൈകാതെ ഉണ്ടാകും.