രാജ്യത്തെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനുളള നീക്കവുമായി യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്. 2031-ഓടെ 40 ദശലക്ഷം ഹോട്ടൽ അതിഥികളെ ആകർഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഭരണാധികാരി. മുപ്പതാമത് വാർഷിക അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ചതിന് ശേഷമാണ് ശൈഖ് മുഹമ്മദിൻ്റെ പ്രസ്താവന.
കൊവിഡ് മഹാമാരിക്ക് ശേഷം യുഎഇ ടൂറിസം മേഖലയിലുണ്ടായ മുന്നേറ്റത്തെ ഭരണാധികാരി പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും സജീവവുമായ സമ്പദ്‌വ്യവസ്ഥയെപ്പറ്റിയും അതിൽ മർമ്മപ്രധാന സ്ഥാനം വഹിക്കുന്ന ടൂറിസപ്പറ്റിയും വ്യക്തമാക്കിയ ശൈഖ് മുഹമ്മദ് പുതിയ പദ്ധതികളെപ്പറ്റിയും സൂചിപ്പിച്ചു.
ടൂറിസം ചെലവിൽ 70 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇത് 121 ബില്യൺ ദിർഹത്തിലെത്തി . മേഖലയിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏഴു വർഷത്തിനുള്ളിൽ 40 ദശലക്ഷം വിനോദസഞ്ചാരികൾ, നമ്മുടെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 450 ബില്യൺ ദിർഹമായി ഉയർത്തും. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളും വികസിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും ഭരണാധികാരി വ്യക്തമാക്കി. ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലെത്തുകയെന്നാതാണ് യുഎഇയുടെ തന്ത്രം.