എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം,ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്.
ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എസ് സിഇആർടി ഇതിനായി സപ്ലിമെന്ററി ആയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം ഉണ്ടായി.
എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന് വന്നിരുന്നു. പല സംസ്ഥാനങ്ങളും ഇതിന് ബദലായി സമാന്തര പാഠപുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ കേരളത്തിലും പാഠപുസ്തകം പുറത്തിറക്കുമെന്നാണ് ഇപ്പോൾ കരിക്കുലം കമ്മിറ്റിയിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. വൈകാതെ തന്നെ പുസ്തകം അച്ചടിക്കുമെന്നാണ് വിവരം.