വിവാഹം കഴിച്ചാൽ കൂട്ടുകാർ പുറത്താകുമെന്നുള്ളത് കേട്ടുപഴകിയ പല്ലവിയാണ്. പിന്നെ വൈകുന്നേരത്തെ കൂട്ടുകാരുടെ ഒത്തുകൂടൽ നടക്കില്ലെന്നാണ് പൊതുവേ പരിഭവം. അതുകൊണ്ടാണ്, വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ അത്ര പെട്ടെന്നൊന്നും ഭാര്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് കഞ്ചിക്കോട് സ്വകാര്യ കമ്പനി ജീവനക്കാരൻ രഘുവിന്‍റെ കട്ട ചങ്കുകൾ തീരുമാനിച്ചത്. അതിനായി അവര്‍ 50 രൂപ മുദ്രപത്രത്തിൽ വധുവിന്‍റെ കൈയില്‍ നിന്നും ഉറപ്പ് എഴുതി വാങ്ങി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്‍റെയും കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ രഘുവിന്‍റെ കൂട്ടുകാര്‍ സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിവാഹ ഉടമ്പടിയാണ് വൈറലായത്. ദീർഘകാല സുഹൃത്തുക്കളും ബാഡ്മിന്‍റണ്‍ കളിക്കാരുമുള്‍പ്പെടുന്ന “ആശാനും ശിഷ്യന്മാരും” എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാണ് രഘു. ഗ്രൂപ്പിലെ അംഗങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും സര്‍പ്രൈസ് നല്‍കുകയെന്നത് സുഹൃത്തുക്കള്‍ക്കിടയില്‍ പതിവാണ്.
അങ്ങനെയാണ് വിവാഹത്തിന് തൊട്ട് മുമ്പ് തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി കൂട്ടുകാർ ഒന്നിച്ച് ഈ സര്‍പ്രൈസ് ഒരുക്കിയതെന്ന് രഘു പറയുന്നു.രാത്രി ഒമ്പത് മണി വരെ കൂട്ടൂകാരോടൊപ്പം ചെലവഴിക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കും. അതുവരെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ല. ഇത് സത്യം സത്യം സത്യം… ഇതാണ് 50 രൂപയുടെ മുദ്രപത്രത്തില്‍ രഘുവിന്‍റെ പേരില്‍ അര്‍ച്ചനയില്‍ നിന്നും കൂട്ടുകാർ എഴുതി വാങ്ങിയത്. വൈകിട്ട് ബാഡ്മിന്‍റണ്‍ കളി പതിവുള്ള കൂട്ടുകാരിൽ നാലഞ്ച് പേരൊഴികെ മറ്റുള്ളവരെല്ലാം അവിവാഹിതരാണ്.