2023ലെ ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ഇന്ത്യ. ഒക്ടോബർ – നവംബർ മാസത്തിലായി നടക്കുന്ന ലോകകപ്പിനെ വരവേൽക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പട്ടിക പ്രസിദ്ധീകരിച്ചതോടെ വാശിയേറിയ മത്സരങ്ങൾ നേരിൽ കാണാനുളള തയ്യാറെടുപ്പിലാണ് ആരാധകരും.
ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നാണ് ഒക്ടോബര്‍ 15 ന് നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി ആരാധകരുടെ ഒഴുക്കുണ്ടാകുമെന്നാണ് സൂചനകൾ.ഇത് മുൻകൂട്ടി കണ്ട് ഹോട്ടൽ ബുക്കിംഗ് നിരക്കുകൾ ഇരിട്ടിയാക്കിയെന്നാണ് അഹമ്മദാബാദിൽ നിന്നുളള റിപ്പോർട്ടുകൾ.
മത്സരം കാണാൻ റെക്കോർഡ് കാഴ്ചക്കാർ എത്തുമെന്നാണ് നിഗമനം. നഗരത്തിലെ മിക്ക പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബുക്കിംഗ് പൂർണമായി അവസാനിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ചില ഹോട്ടലുകളിൽ റൂം നിരക്ക് ഒരു ലക്ഷത്തിനടുത്ത് എത്തിയതായാണ് സൂചനകൾ.
സാധാരണ ദിവസങ്ങളിൽ ആഡംബര ഹോട്ടലുകളിലെ മുറി വാടക 5,000 മുതൽ 8,000 രൂപ വരെയാണ് ഈടാക്കുന്നത്.ലോകകപ്പ് മത്സരങ്ങൾ കണക്കിലെടുത്താണ് ബുക്കിംഗ് നിരക്കും വാടകയും ഉയർന്നത്. ബുക്കിംഗിന് പ്രവാസി ഇന്ത്യക്കാരും മുൻനിരയിലുണ്ടെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ്റെ ഗുജറാത്ത് ഭാരവാഹികൾ പറയുന്നു.