ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള സാഹസിക യാത്രകൾ അവസാനിപ്പിച്ച് ഓഷ്യൻ ഗേറ്റ്. വാഷിങ്ടൺ ആസ്ഥാനമായ കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയായ ടൈറ്റൻ ജൂൺ 18ന് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ചാണ് തകർന്നത്. ഇതേത്തുടർന്നാണ് ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യൻ ഗേറ്റ് എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിച്ചത്.
ടൈറ്റൻ സ്ഫോടനത്തിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഉൾപ്പെടെ അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു. എന്നാൽ ദുരന്തത്തിനുശേഷവും ടൈറ്റാനിക് കാണാനുള്ള യാത്രയുടെ പരസ്യം വെബ്സൈറ്റിൽനിന്നും ഓഷ്യൻ ഗേറ്റ് കമ്പനി നീക്കിയിരുന്നില്ല. ടൈറ്റാനിക്ക് നേരിട്ട് കാണാനായി 2024 ജൂൺ 12 മുതൽ 20 വരെയും ജൂൺ 21 മുതൽ ജൂൺ 29 വരെയും 2,50,000 ഡോളറിന് രണ്ട് യാത്രകൾ ആസൂത്രണം ചെയ്യുന്നതായാണ് പരസ്യം നൽകിയിരുന്നത്. യാത്രയിൽ ഡൈവ്, സ്വകാര്യ താമസം, ആവശ്യമായ പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങൾ, അന്തർവാഹിനിക്ക് അകത്തെ ഭക്ഷണ ചെലവ് എന്നിവ ഉൾപ്പെടുമെന്നും പരസ്യത്തിലുണ്ടായിരുന്നു.
എന്നാൽ വലിയ ദുരന്തമുണ്ടായിട്ടും കമ്പനി വീണ്ടും സാഹസിക യാത്രകൾ നടത്താൻ തയ്യാറാകുന്നതിനേക്കുറിച്ച് വിമർശനങ്ങൾ ഉയർന്നതിനേത്തുടർന്നാണ് ഓഷ്യൻ ഗേറ്റ് സാഹസിക യാത്രകൾ താത്കാലികമായി അവസാനിപ്പിച്ചതായി അറിയിച്ചത്.