ബർമൂഡ ട്രയാംഗിളിലേക്ക് വിനോദ യാത്രയ്ക്ക് ഒരുങ്ങുകയാണ് ഒരു നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂസ് ലൈൻ എന്ന കമ്പനിയുടെ നോർവൈജീയൻ പ്രൈമ എന്ന കപ്പലാണ് നിഗൂഢതകളുടെ ത്രികോണം ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പേടിപ്പിക്കുന്ന ഭാഗമാണ് ബെർമുഡ ട്രയാംഗിൾ എന്നറിയപ്പെടുന്നത്. ബർമുഡക്കും ഫ്ളോറിഡക്കും പോർട്ടോ റിക്കോക്കും മധ്യത്തിൽ ത്രികോണാകൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് വിമാനങ്ങളും കപ്പലുകളുമൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്.
അവയൊന്നും ഇതുവരെ കണ്ടെത്താനായിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ കപ്പൽ കാണാതായാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവൻ മടക്കി നൽകുമെന്നാണ് കപ്പൽ കമ്പനി അറിയിക്കുന്നത്.
രണ്ട് ദിവസത്തെ യാത്രയാണ് പദ്ധതിയിൽ ഉള്ളത്. രണ്ട് ദിവസത്തേക്ക് ഏകദേശം 1.4 ലക്ഷം രൂപയാണ് ചിലവ്.
കാലങ്ങളായി മനുഷ്യന് അപ്രാപ്യമായ ബർമുഡ ട്രയാംഗിളിന്റെ നിജസ്ഥിതി കണ്ടെത്തിയെന്ന 2017ൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനായ കാൾ ക്രുഷേൽനിക്കി അവകാശവാദമുന്നയിച്ചിരുന്നു. ഹോഡു കടൽ, ഡെവിൽസ് ട്രയാംഗിൾ, ലിംബോ ഒഫ് ദി ലോസ്റ്റ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഭാഗം ഏകദേശം 500000 ചതുരശ്ര കിലോമീറ്റർ വിസ്ത്തീർണമുള്ള കടലാണ്. ഭൂമദ്ധ്യരേഖക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ മേഖലയിലെ മോശം കാലാവസ്ഥയും നാവികർക്കും പൈലറ്റിനുമൊക്കെ ഉണ്ടായേക്കാവുന്ന പിഴവുകളുമാണ് കപ്പലുകളും വിമാനങ്ങളും ഇവിടെ വച്ച് അപ്രത്യക്ഷപ്പെടാൻ കാരണമാകുന്നതെന്നാണ് കാളിന്റെ വാദം.
ബർമുഡ ട്രയാംഗിളിൽ ഇതുവരെ എച്ച്എംഎസ് അറ്റ്ലാന്റ, യുഎസ്എസ് സ്ക്ലോപ്സ്, ഫ്ളൈറ്റ് 19 എന്നിങ്ങനെ 16 വിമാന അപകടങ്ങളും, 17 കപ്പൽ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.