18-ാമത് ജി20 ഉച്ചകോടിയിൽ ലോക രാഷ്ട്രങ്ങളെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. സെപ്റ്റംബർ 9,10 തീയതികളിലാണ് ലോക രാഷ്ട്രങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന ജി20 ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിലെ പ്രാധാന ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂർത്തിയായി.
സുസ്ഥിര ഊർജ സംക്രമണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഉന്നതതല ചർച്ചകളാണ് സമ്മേളനത്തിൽ പ്രധാനമായും നടക്കുക. സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബർ 7 മുതൽ 10 വരെ ഇന്ത്യയിൽ ഉണ്ടാകും. ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗിന് പകരം പ്രധാനമന്ത്രി ലി ക്വിയാങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യൻ വംശജൻ കൂടിയായ യുകെ പ്രധാനമന്ത്രി ഋഷി സുനക്കും യോഗത്തിൽ പങ്കെടുക്കും.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരും സമ്മേളനത്തിൽ സംബന്ധിക്കും. ഇതിനുപുറമെ യുഎഇ, നെതർലാൻഡ്‌സ്, സിംഗപ്പൂർ, സ്പെയിൻ, ഒമാൻ, ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ തുടങ്ങി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തവും ഉച്ചകോടിയിൽ ഉണ്ടാകും.