ഗാസയില്‍ 4 ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് 10 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്ക് പ്രഖ്യാപിച്ചു. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഹമാസും ഇസ്രയേലും ബന്ധികളാക്കിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരെ കൈമാറുകയും ചെയ്യും.
ഈജിപ്‌തിന്റെയും അമേരിക്കയുടെയും സഹകരണത്തോടെ ഖത്തർ ഇസ്രയേലിനും ഹമാസിനുമിടയിൽ നടത്തിയ മധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടത്. നാല് ദിവസത്തേയ്ക്ക് മാനുഷിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തുന്നതോടെ സമാധാനാന്തരീക്ഷമാകും ഇവിടെ നിലനിൽക്കുക. വെടിനിർത്തൽ പ്രാബല്യത്തിൽ വരുമ്പോൾ ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സഹായവുമെത്തിക്കാനുള്ള വാഹനങ്ങൾക്ക് പ്രവേശനം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ബന്ദികളെ കൈമാറുന്നതിനനുസരിച്ച് വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് വിവിധ അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹമാസിനുമേൽ പൂർണവിജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.