മുസ്ലീംജനതയുടെ ഭവന സന്ദർശനം എന്തിന് ഒഴിവാക്കി: പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി സുധാകരൻ

Date:

Share post:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വീടുകൾ തോറും നടത്തിയ ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ നിന്നും മുസ്ലീംകളെ ഒഴിവാക്കിയതിന് പിന്നിലെ കാരണം കേരളത്തിലെത്തുന്ന മോദി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ സുധാകരൻ കത്തിൽ പറഞ്ഞു.

കത്തിന്റെ പൂർണ്ണ രൂപം:

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വീടുകളിൽ ബിജെപിക്കാർ കയറിയിറങ്ങുന്ന അപൂർവ സാഹചര്യത്തിലാണല്ലോ ബഹുമാന്യനായ പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ബിജെപിയുടെ കേന്ദ്രനേതൃത്വം തയാറാക്കിയ തിരക്കഥ പ്രകാരമാണ് ഈ ഉദ്യമം എന്നാണ് അറിയുന്നത്. ഏറ്റവും ഒടുവിൽ കേട്ടത് മുസ്ലീംകളുടെ സന്ദർശനം ഒഴിവാക്കിയെന്നാണ്. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നിലധികമുള്ള ഒരു ജനവിഭാഗത്തെ എന്തുകൊണ്ടാണ് മൈത്രീസന്ദർശനത്തിൽനിന്ന് ഒഴിവാക്കിയതെന്ന് അങ്ങു കേരളത്തിലെത്തുമ്പോൾ വിശദീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. മുസ്ലീംജന വിഭാഗത്തോട് അങ്ങയുടെ സർക്കാരും പാർട്ടിയും ഗുജറാത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചെയ്തു കൂട്ടിയ കൊടുംക്രൂരതകൾ കാരണം അവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണോ? അതോ അവർ മുഖംതിരിക്കുമെന്ന ഭയമാണോ? എൻആർസി നടപ്പാക്കൽ, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഗുജറാത്ത് കലാപം, അയോധ്യയിൽ രാമക്ഷേത്രനിർമാണം, ഏകീകൃത സിവിൽ നിയമം, ആൾക്കൂട്ട കൊലപാതകങ്ങൾ, വർഗീയ കലാപങ്ങൾ തുടങ്ങിയ പൊള്ളുന്ന വിഷയങ്ങളിൽ നീതിനിർവഹണവും ക്ഷമായാചനവും ഇനി ആവർത്തിക്കില്ലെന്ന ഉറപ്പും നല്കിയാൽ അങ്ങയുടെ കേരള സന്ദർശനം ചരിത്രസംഭവമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലേയും 400 ഓളം എംപിമാരിൽ ഒരൊറ്റ മുസ്ലീംപോലും ഇല്ലെന്നത് അങ്ങയെ അലോസരപ്പടുത്തുന്നില്ലേ? ബിജെപി ഭരിക്കുന്ന ഒന്നരഡസനോളം സംസ്ഥാനങ്ങളിലും ഇതുതന്നെയല്ലേ അവസ്ഥ? ഏറ്റവും കൂടുതൽ മുസ്ലീംകളുള്ള മൂന്നാമത്തെ രാഷ്ട്രമായ ഇന്ത്യ ഭരിക്കുന്ന അങ്ങയുടെ മന്ത്രിസഭയിൽ ഒരു മുസ്ലീം പ്രാതിനിധ്യം നല്കാമായിരുന്നില്ലേ? പ്രവാചകനെ അപമാനിച്ച ബിജെപി വക്താക്കളുടെ അധമത്വത്തിനെതിരേ ലോകവ്യാപകമായ പ്രതിഷേധം ഉയർന്നെങ്കിലും അങ്ങയുടെ ശബ്ദം ഉയർന്നില്ലല്ലോ.

വിചാരധാര നടപ്പാക്കൽ

കുരിശുമല കയറിയും അരമനകൾ കയറിയും ക്രൈസ്തവരുടെ ഇടയിലേക്ക് കടന്നു ചെല്ലുന്ന കേരള നേതാക്കൾ ക്രൈസ്തവരെ ശത്രുക്കളായി കാണുന്ന വിചാരധാരയിലെ ചിന്താധാരകളൊക്കെ തെറ്റാണെന്ന് പറയുന്നുണ്ട്. പക്ഷേ കേരളത്തിനു പുറത്ത് വിചാരധാരയിലെ വാക്കും വരികളും അച്ചട്ടായി നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് കാണുന്നത്. സംഘപരിവാരങ്ങളുടെ ക്രൈസ്തവ പീഡനത്തിനെതിരേ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട രാജ്യത്തെ 93 റിട്ട ഉന്നതോദ്യോഗസ്ഥർ എഴുതിയ കത്ത് അങ്ങ് തുറന്നുനോക്കുകപോലും ചെയ്തില്ലല്ലോ. കഴിഞ്ഞ ഫെബ്രുവരിയിൽ 79 ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധയോഗത്തിൽ ക്രൈസ്തവരുടെ 500 പള്ളികൾ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾ നിർത്താൻ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ്പ് റവ. ഡോ. പീറ്റർ മച്ചാഡോ സുപ്രീംകോടതിയിൽ നല്കിയ ഹർജിയിൽ 8 സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. മദർ തെരേസയുടെ ഭാരതരത്‌നം തിരിച്ചെടുക്കണമെന്നും കർണാടകയിലെ ബിജെപി മന്ത്രി മുനിരത്‌ന ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നും ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതിലും അധഃസ്ഥിതരുടെ ഇടയിൽ അരനൂറ്റാണ്ടിലധികം പ്രവർത്തിച്ച ഫാ സ്റ്റാൻ സ്വാമിയെ 84-ാം വയസിൽ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടച്ചു കൊന്നതിലും ഒരു ഖേദപ്രകടനം പോലും ഉണ്ടായില്ല. ക്രൈസ്തവർക്കെതിരേ ഉണ്ടായ ഇത്തരം കൂരസംഭവങ്ങളിൽ പ്രധാനമന്ത്രിക്ക് മനഃസ്തപിക്കാനുള്ള സുവർണാവസരമാണ് ഈ സന്ദർശനം.

റബർവിലയും തൊഴിലും

റബറിന് 300 രൂപ വില കേന്ദ്രം തരുമെന്നാണ് ബിജെപിക്കാർ വീടുവീടാന്തരം പ്രചരിപ്പിക്കുന്നത്. കോട്ടയത്തു നടന്ന റബർ കർഷക സമ്മേളനത്തിൽ പങ്കെടുക്കുകപോലും ചെയ്യാതെ കേന്ദ്രമന്ത്രി അവരെ വഞ്ചിച്ചു. അങ്ങേയറ്റം ദയനീയവാസ്ഥയിൽകൂടി കടന്നുപോകുന്ന റബർ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ വരവിനെ കാണുന്നത്. യുവാക്കളെ സംഘടിപ്പിച്ചു നടത്തുന്ന യുവം പരിപാടിയിൽ പങ്കെടുക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുള്ള ഒരു സംസ്ഥാനത്താണ് അങ്ങുനില്ക്കുന്നതെന്ന സ്മരണ കൂടി ഉണ്ടായിരിക്കണം. കേരളത്തിൽനിന്നുള്ള ലക്ഷക്കണക്കിനു യുവാക്കൾ അങ്ങയുടെ ആത്മസുഹൃത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിലിരുപ്പു കാരണം സംസ്ഥാനം വിട്ടോടുമ്പോൾ യുവാക്കൾക്ക് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ഞങ്ങൾ പ്രതീക്ഷിക്കട്ടെ. 9 വർഷം മുൻപ് കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് പ്രഖ്യാപിക്കുമെന്ന് ഒരു സ്വപനം ഞങ്ങൾ കാണുകയാണ്. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിൽ 9.79 ലക്ഷം തൊഴിലുകൾ നികത്തപ്പെടാതെ കിടക്കുന്നു. അഗ്നിവീർ പദ്ധതി സേനയിൽ നടപ്പാക്കിയതുമൂലം അവിടത്തെ സ്ഥിരംനിയമനങ്ങൾ ഇല്ലാതായി. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മൂർധന്യത്തിലെത്തി നില്ക്കുന്നു. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലയക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറിയതോടെ അവിടെയുള്ള തൊഴിലവസരങ്ങളും കൊട്ടിയടച്ചു. 2019ൽ മാത്രം ബിഎസ്എൻഎൽ 1.15 ലക്ഷം പേരെ പിരിച്ചുവിട്ടു. യുപിഎ സർക്കാരിന്റെ നയങ്ങൾ തൊഴിൽപ്രദാനം ചെയ്യുന്നവ ആയിരുന്നെങ്കിൽ ജോലിയെല്ലാം വിഴുങ്ങുന്ന ബകനെപ്പോലെയാണ് അങ്ങയുടെ നയങ്ങളെന്നു ഖേദത്തോടെ ചൂണ്ടിക്കാട്ടട്ടെ.

പിണറായിയെ തൊടില്ല

കേന്ദ്രഏജൻസികളുടെ കയ്യിലുള്ള സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ കേസ് തുടങ്ങിയവ ഒച്ചുവേഗതയിൽ പോകുന്നത് അങ്ങയുടെ നിർദേശ പ്രകാരമാണെന്ന് സംസാരമുണ്ട്. കേന്ദ്രഏജൻസികൾ അടുത്തകാലത്ത് എടുത്ത 95 % കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരേയായിരുന്നല്ലോ. അതേസമയം, ബിജെപിയിൽ ചേർന്നവർക്കെല്ലാം കേന്ദ്രഏജൻസികളിൽ നിന്ന് സംരക്ഷണവും ലഭിക്കുന്നു. കോൺഗ്രസ് മുൻ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുൽഗാന്ധി, കർണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ, കോൺഗ്രസ് എംപി കാർത്തിക് ചിദംബരം, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി, ആംആദ്മി മന്ത്രി സത്യേന്ദർ ജയ്ൻ, ശിവസേനാ മന്ത്രി അനിൽ പരബ്, എൻസിപി മന്ത്രി നവാബ് മാലിക്, എൻസിപി മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് തുടങ്ങിയ അനേകം പ്രമുഖ പ്രതിപക്ഷ നേതാക്കളെ കേന്ദ്രഅന്വേഷണ ഏജൻസികൾ വേട്ടയാടി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടിയിൽ കേന്ദ്രഏജൻസികൾ 1569 കേസുകൾ എടുത്തെങ്കിലും വെറും 9ൽ മാത്രമാണ് ശിക്ഷ ഉണ്ടായത്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിന് ദുരുപയോഗിക്കുന്നതു തെളിയിക്കാൻ ഈ ഒരൊറ്റ കണക്കു മതി. പുൽവാമായിൽ 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയത് കേന്ദ്രസർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് വെളിപ്പെടുത്തിയ ഉടനേ മുൻ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ് നല്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെ കേന്ദ്രഏജൻസികൾ കൈകാര്യം ചെയ്യുമ്പോൾ ലൈഫ് മിഷൻ ,സ്വർണക്കടത്ത് കേസുകളിൽ മുഖ്യപ്രതിയായി വരേണ്ടയാളെ ഇതുവരെ കേന്ദ്രഏജൻസികൾ കണ്ടില്ലെന്നു നടിക്കുന്നു. പകരം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രതിയായി വരേണ്ട കൊടകര കുഴൽപ്പണക്കേസ് ഒത്തുതീർപ്പാക്കി. പ്രധാനമന്ത്രിക്ക് ചുവന്നപരവതാനി വിരിച്ച് സംസ്ഥാന സർക്കാർ സ്വീകരണം നല്കുമ്പോൾ ഈ ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മതം ചവിട്ടുപടി

മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയ രാഷ്ട്രീയമാണല്ലോ ബിജെപി പയറ്റുന്നത്. മതം അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി കരുതുന്നവർക്ക് എന്തു മതേതരത്വം? അതിന്റെ കേരള മോഡലാണ് ഇപ്പോൾ ഇവിടെ നടപ്പാക്കുന്നത് എന്നത് പ്രധാനമന്ത്രിക്ക് നിഷേധിക്കാനാകുമോ? പൊടുന്നനവേ ഉണ്ടായ ക്രിസ്ത്യൻ മുസ്ലീം പ്രീണനത്തിനു പിന്നിലുള്ള ചേതോവികാരം ഇതു മാത്രമല്ലേ? ‘എല്ലാവരോടുമൊപ്പം എല്ലാവർക്കും വികസനം’ (സബ്‌കേ സാത്ത്, സബ്കാ വികാസ്) എന്ന അങ്ങയുടെ മുദ്രാവാക്യം യഥാർത്ഥത്തിൽ ‘ചിലരോടൊപ്പം, ചിലരുടെ വികസനം’ എന്നാണെന്ന് ഓർമിപ്പിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...