2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തുവിട്ടു. ‘ഹദ്ദാഫ്’ എന്ന് പേരിട്ടിരിക്കുന്ന ധീരനായ മണൽ പൂച്ചയാണ് ഈ വർഷത്തെ ഔദ്യോഗിക ഭാഗ്യചിഹ്നം. ജിദ്ദയിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് ഫിഫ, സൗദി ഫുട്ബോൾ ഫെഡറേഷൻ എന്നിവർ ചേർന്നാണ് ഭാഗ്യചിഹ്നം അവതരിപ്പിച്ചത്.
ഫുട്ബോൾ എന്ന കായിക ഇനത്തോട് സൗദി ജനത പുലർത്തുന്ന ആവേശത്തിന്റെയും ഫുട്ബോൾ ടൂർണമെന്റുകളിൽ നിലനിൽക്കുന്ന മത്സരബുദ്ധിയുടെയും പ്രതീകമായാണ് ഹദ്ദാഫിനെ അവതരിപ്പിച്ചത്. സൗദി അറേബ്യ 2023 എന്ന് മുൻഭാഗത്തും 2023 എന്ന് പിൻഭാഗത്തും എഴുതിയ വെള്ള ടീ ഷർട്ടാണ് ഹദ്ദാഫ് ധരിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ മരുഭൂമേഖലകളിലാണ് ഈ ധീരനായ പൂച്ചയെ കണ്ടുവരുന്നത്.
ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് ഈ വർഷം സൗദി അറേബ്യയാണ് വേദിയാകുന്നത്. ഡിസംബർ 12 മുതൽ 22 വരെയാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.