വെസ്റ്റ് ഇൻഡീസ് താരം സുനിൽ നരെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വലംകൈയ്യൻ ഓഫ്ബ്രേക്ക് ബൗളറാണ് നരെയ്ൻ. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളായ നരെയ്ൻ ദീർഘകാലമായി ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ചുവരികയാണ്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിരമിക്കൽ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
‘വെസ്റ്റ് ഇൻഡീസ് ടീമിനൊപ്പം കളിച്ചിട്ട് നാല് വർഷമാകുന്നു. ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണ്. പൊതുവെ ഞാൻ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളാണ്. എന്നാൽ വ്യക്തിപരമായ ജീവിതത്തിൽ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അവരെല്ലാം എന്റെ കരിയറിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനായി കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി’ എന്നാണ് നരെയ്ൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിലവിൽ നരെയ്ൻ സൂപ്പർ 50 കപ്പിൽ ട്രിനിഡാഡ് ആൻ്റ് ടൊബാഗോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. 2012-ൽ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇൻഡീസ് ടീമംഗമായ നരെയ്ൻ അവസാനമായി 2019-ലാണ് വെസ്റ്റ് ഇൻഡീസിനായി കളത്തിലിറങ്ങിയത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുമായി പലതവണ ഉടക്കിയ താരത്തെ പലപ്പോഴും ടീമിൽ പരിഗണിച്ചിരുന്നില്ല. ലോകത്തിലെ മിക്ക ക്രിക്കറ്റ് ലീഗുകളുടെയും ഭാഗമായിട്ടുണ്ട് താരം.