റെക്കോർഡ് വിജയലക്ഷ്യമുയർത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ശ്രീലങ്ക അടിപതറുകയായിരുന്നു. സംഭവബഹുലമായ മത്സരത്തിൽ ശ്രീലങ്കയെ 102 റൺസിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 429 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ ടീം 44.5 ഓവറിൽ 326 റൺസിന് പുറത്തായി. രണ്ട് ഇന്നിങ്സിലുമായി പിറന്നത് 754 റൺസാണ്. ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലുമായി നേടിയ ഏറ്റവും വലിയ സ്കോറാണ് ഇത്.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കാണികളെ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. ഏകദിന ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം സ്കോർ, മൂന്ന് സെഞ്ച്വറികൾ അതിലൊന്നിന് ലോകകപ്പ് റെക്കോഡ്. എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡൂസൻ, ക്വിന്റൺ ഡി കോക്ക് എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക റെക്കോഡ് ബുക്കിലിടം നേടിയത്. 2015 ലോകകപ്പിൽ ഓസ്ട്രേലിയ അഫ്ഗാനിസ്താനെതിരേ നേടിയ 417 റൺസിന്റെ റെക്കോഡാണ് ദക്ഷിണാഫ്രിക്ക ഇതോടെ മറികടന്നത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ തറപറ്റിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രകടനം. ദക്ഷിണാഫ്രിക്ക ഉയർത്തിയ റെക്കോഡ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ പത്തും നിസ്സങ്കയെ (0) നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് വൈകാതെ മറ്റൊരു ഓപ്പണറായ കുശാൽ പെരേരയുടെ (7) വിക്കറ്റും നഷ്ടമായി. എന്നാൽ മൂന്നാമനായി വന്ന കുശാൽ മെൻഡിസ് മികച്ച പ്രകടനം കാഴ്ചവെച്ചു. കുശാലും സദീര സമരവിക്രമയും ചേർന്ന് ടീം സ്കോർ 100 കടത്തി. എന്നാൽ അർധസെഞ്ച്വറി നേടിയ മെൻഡിസിനെ പുറത്താക്കി റബാദ ഈ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തിൽ നാല് ഫോറിന്റെയും എട്ട് സിക്സിന്റെയും സഹായത്തോടെ 76 റൺസാണ് താരം നേടിയത്.
ആറാംവിക്കറ്റിൽ അസലങ്കയും ക്യാപ്റ്റൻ ദസുൻ ശനകയും ചേർന്ന് 82 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. മത്സരത്തിലേക്ക് ലങ്ക തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും 32-ാമത്തെ ഓവറിൽ ലുംഗി എൻഗിഡിക്ക് വിക്കറ്റ് സമ്മാനിച്ച് അസലങ്ക മടങ്ങി. നേരിട്ട ആദ്യ പന്തിൽത്തന്നെ ഹെൻറിച്ച് ക്ലാസന് ക്യാച്ച് നൽകി വെല്ലാലഗെ പുറത്തായി. 62 പന്തിൽ 68 റൺസ് നേടിയ ശനക 40-ാം ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ ക്ലീൻ ബോൾഡായി. കസുൻ രജിത 31 പന്തിൽ 33 റൺസും മതീഷ് പതിരണ 5 റൺസും നേടി പുറത്തായി. ദിൽഷൻ മധുഷങ്ക 4 റൺസുമായി പുറത്താകാതെ നിന്നു. 65 പന്തിൽ 79 റൺസ് നേടിയ ചരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെരാൾഡ് കോയെറ്റ്സ്കി മൂന്നും, മാർക്കോ ജാൻസൻ, കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ 2 വിക്കറ്റുവീതവും നേടി.