ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് വനിതാ ക്രിക്കറ്റ് താരം ശിഖ പാണ്ഡെ. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമുകളിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരു അഭിമുഖത്തിലാണ് ഓൾറൗണ്ടർ ശിഖ പാണ്ഡെ അതൃപ്തി പ്രകടിപ്പിച്ച് വികാരധീനയായത്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാത്തത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും അതിനാൽ മാനസികമായും ശാരീരികമായും ഫിറ്റാകുന്നതുവരെ കഠിനാധ്വാനം ചെയ്യുകയാണ് ലക്ഷ്യമെന്നും ശിഖ പറഞ്ഞു.
‘എനിക്ക് ദേഷ്യവും നിരാശയും ഇല്ലെന്ന് പറഞ്ഞാൽ ഞാൻ ഒരു മനുഷ്യനല്ല. കഠിനാധ്വാനത്തിന്റെ ഫലം കിട്ടാതെ വരുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. എനിക്കറിയില്ല, പക്ഷേ ഇതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടെന്ന് ഉറപ്പാണ്. എന്റെ കയ്യിൽ ഉള്ളത് കഠിനാധ്വാനം ചെയ്യാനുള്ള മനസാണ്. അതിനാൽ മാനസികമായും ശാരീരികമായും ഫിറ്റ് ആകുന്നതുവരെ കഠിനാധ്വാനം ചെയ്യുകയാണ് ലക്ഷ്യം. എന്നെ പുറത്താക്കിയപ്പോൾ, ക്രിക്കറ്റ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തോന്നിയിരുന്നു. എന്നാൽ അതു വികാരത്തിന്റെ പുറത്തെടുക്കുന്ന ഒരു തീരുമാനമായി പോകുമെന്ന് കരുതി. ഞാൻ ഇപ്പോൾ നിരാശയിലാണ്’ എന്നും ശിഖ പാണ്ഡെ പറഞ്ഞു.
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ശിഖ പാണ്ഡെ ഒൻപത് മത്സരങ്ങളിൽ പത്തു വിക്കറ്റ് വീഴ്ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ നിന്നുള്ള ശിഖയുടെ പുറത്താകൽ ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ്, ഫാസ്റ്റ് ബോളർ രേണുക സിങ് എന്നീ സീനിയർ താരങ്ങളെയും ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം മലയാളി താരം മിന്നു മണിയടക്കം 4 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. ഏകദിന, ട്വന്റി20 ടീമുകളെ ഹർമൻപ്രീത് കൗർ നയിക്കും. തി മന്ഥനയാണ് ക്യാപ്റ്റൻ. ജൂലൈ ഒൻപതിന് മിർപുരിൽ ഒന്നാം ട്വന്റി20 മത്സരത്തിലൂടെ ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനം 22ന് അവസാനിക്കും.