ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ സാത്വിക് സാമ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം. കൊറിയ ഓപ്പൺ 500 ബാഡ്മിന്റൺ സൂപ്പർ സീരീസ് വിജയത്തിന് പിന്നാലെയാണ് പുതിയ റാങ്കിങ് പട്ടിക പുറത്തുവന്നത്. കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ഇരുവരും ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.
ഈ സീസണിൽ കൊറിയ ഓപ്പൺ (സൂപ്പർ 500), സ്വിസ് ഓപ്പൺ (സൂപ്പർ 300), ഇൻഡൊനേഷ്യ ഓപ്പൺ (സൂപ്പർ 1000) കിരീടങ്ങൾ നേടിയ ഇരുവർക്കും നിലവിൽ 87,211 പോയിന്റാണുള്ളത്. ഈ വർഷത്തെ നാലാമത്തെ ഫൈനൽ കളിച്ച സാത്വിക് സായ്മാജ് – ചിരാഗ് ഷെട്ടി സഖ്യം കൊറിയ ഓപ്പണിൽ ലോക ഒന്നാം നമ്പറുകാരായ ഇൻഡൊനീഷ്യയുടെ ഫജർ അൽഫിയാൻ – മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപ്പിച്ച് കിരീടമണിഞ്ഞിരുന്നു.
ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് – വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യൻ സഖ്യം രണ്ടാം റാങ്കിലെത്തിയത്. ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധു സിംഗിൾസ് റാങ്കിങ്ങിൽ 17-ാം സ്ഥാനം നിലനിർത്തി. പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ 10-ാം സ്ഥാനത്ത് എച്ച്.എസ് പ്രണോയിയാണ്. ലക്ഷ്യ സെൻ 13-ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20-ാം സ്ഥാനത്തുമാണ്.