സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കാൻ കേരളാ ടീമിന് പ്രവാസ ലോകത്ത് നിന്നൊരു പ്രോത്സാഹനം. സന്തോഷ് ട്രോഫി ഫൈനലിൽ വിജയിച്ച് ഏഴാം കിരീടം നേടിയാൽ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രവാസി സംരംഭകനായ ഡോ. ഷംഷീർ വയലിൽ. പ്രമുഖ പ്രവാസി സംരംഭകനും വി.പി.എസ്. ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ഡോ. ഷംഷീർ വയലിൽ.
കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ മത്സരം ഇന്ന് വൈകിട്ടാണ് നടക്കുക. ട്വിറ്ററിലൂടെയാണ് ഡോ. ഷംഷീർ വയലിൽ പ്രഖ്യാപനം നടത്തിയത്.
ഇന്ന് രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് സന്തോഷ് ട്രോഫി ഫൈനൽ മത്സരം. ഏഴാം തവണ കപ്പ് അടിക്കാൻ കാത്തിരിക്കുന്ന കേരളവും മുപ്പത്തി മൂന്നാം തവണയും കിരീടം അണിയാൻ ഒരുങ്ങുന്ന ബംഗാളും തമ്മിലാണ് മത്സരം. കർണാടകയെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്. മണിപ്പൂരിന് തോൽവി സമ്മാനിച്ചാണ് ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്. ഏറ്റവും കൂടുതൽ ഗോൾ അടിച്ച് ഒന്നാം സ്ഥാനത്ത് തന്നെയാണ് കേരളത്തിന്റെ നിൽപ്.
ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിച്ചപ്പോൾ ജസിന്റെയും നൗഫലിന്റെയും ഗോളിൽ കേരളത്തിനായിരുന്നു ജയം. കായികക്ഷമതയിലും ഗോൾ വേട്ടയിലും കേരളത്തോട് കിടപിടിക്കുന്ന ടീം ആണ് ബംഗാൾ എന്നതുകൊണ്ട് തന്നെ കലാശ പോരാട്ടത്തിൽ തീപാറുമെന്ന് ഉറപ്പ്.