ഐപിഎൽ പോരാട്ടം ദിവസങ്ങൾ കഴിയുംതോറും മുറുകുകയാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധം മത്സരം കടുക്കുകയാണ്. നിലവിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ്. അവസാന ദിവസം നടന്ന മത്സരത്തിൽ വിജയം കയ്യെത്തും ദൂരത്ത് അവശേഷിക്കെ അവസാനത്തെ മൂന്ന് ഓവറിലെ മോശം ബൗളിങ്ങിലൂടെ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴ ചുമത്തിയിരിക്കുകയാണ് ബിസിസിഐ.
കഴിഞ്ഞ മത്സരത്തിൽ അവസാന പന്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സഞ്ജു സാംസണ് പിഴ ചുമത്തിയത്. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് ബിസിസിഐ പിഴയിട്ടിരിക്കുന്നത്. അതേസമയം ഇത്തരത്തിൽ രണ്ട് പിഴവുകൾ കൂടി ആവർത്തിച്ചാൽ സഞ്ജുവിന് ഒരു മത്സരത്തിൽ വിലക്ക് ലഭിക്കും. ഐപിഎൽ പെരുമാറ്റച്ചട്ടമനുസരിച്ച് മിനിമം ഓവർ നിരക്കുമായി ബന്ധപ്പെട്ട ആദ്യ തെറ്റായതിനാലാണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്.
ഒരു തവണ സമാന കുറ്റം ആവർത്തിച്ചാൽ ബൗളിങ് ടീം ക്യാപ്റ്റന് 24 ലക്ഷവും ഇംപാക്റ്റ് സബ് ഉൾപ്പെടെയുള്ള ടീം അംഗങ്ങളിൽ നിന്ന് ആറ് ലക്ഷം രൂപയോ മാച്ച് ഫീസിൻ്റെ 25 ശതമാനമോ ഏതാണോ കുറവ് അതും പിഴയായി ഈടാക്കും. മൂന്നാം തവണയും കുറ്റം ആവർത്തിച്ചാൽ ക്യാപ്റ്റന് 30 ലക്ഷം പിഴയും ഒരു മത്സര വിലക്കും ലഭിക്കും. ടീം അംഗങ്ങൾക്ക് 12 ലക്ഷമോ മാച്ച് ഫീസിൻ്റെ 50 ശതമാനമോ ഏതാണോ കുറവ് അത് പിഴയായും ചുമത്തും. സീസണിലെ അഞ്ച് മത്സരങ്ങളിൽ രാജസ്ഥാൻ്റെ ആദ്യ തോൽവി കൂടിയായിരുന്നു ഇത്.