അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചെസ് ലോകകപ്പ് സെമിയിൽ പ്രവേശിച്ച് ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ. ആവേശോജ്വലമായ 7 ടൈബ്രേക്ക് ഗെയിമുകൾക്കൊടുവിലാണ് പ്രഗ്നാനന്ദ ചെസ് ലോകകപ്പ് സെമിയിൽ കടന്നത്. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ അർജുൻ എരിഗാസിയെയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. സെമിയിൽ യുഎസ് താരം ഫാബിയാനോ കരുവാനയാണ് പ്രഗ്നാനന്ദയുടെ എതിരാളി.
നോർവേ താരം മാസ് കാൾസനും അസർബൈജാൻ താരം നിജാത് അബാസോവും തമ്മിലാണ് മറ്റൊരു സെമി മത്സരം നടക്കുക. സെമിയിലെത്തിയതോടെ പ്രഗ്നാനന്ദക്ക് അടുത്ത ലോകചാമ്പ്യന്റെ എതിരാളിയെ നിർണയിക്കാനുള്ള കാൻഡിഡേറ്റ് മത്സരങ്ങൾക്ക് യോഗ്യത നേടാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ലോകകപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് കാൻഡിഡേറ്റ് മത്സരങ്ങൾക്ക് യോഗ്യത ലഭിക്കുക.