ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ആവേശോജ്വല തുടക്കം. ഏകദിനത്തിലെ 13-ാം ലോകകപ്പാണിത്. ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തി ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടും മികച്ച മത്സരം കാഴ്ചവെച്ചിട്ടും കിരീടം കൈവിട്ടുപോയ ന്യൂസിലന്‍ഡുമാണ് ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ നാല് ഏകദിനങ്ങളില്‍ മൂന്നിലും ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചതിന്റെ ആവശേത്തിലാണ് ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്. പരിക്ക് മൂലം മാറിനിൽക്കുന്ന നായകന്‍ കെയ്ന്‍ വില്യംസണും പരിചയസമ്പന്നനായ പേസര്‍ ടിം സൗത്തിയുമില്ലാതെയാണ് ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. വില്യംസണ് പകരം ടോം ലാഥമാണ് ടീമിനെ നയിക്കുക. 1983-ലും 2011-ലും ഇന്ത്യയായിരുന്നു ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 2015-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയും 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടും ജേതാക്കളായിരുന്നു.
കിരീട ജേതാക്കൾക്ക് 332.64 കോടി രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 166.39 കോടിയും സമ്മാനമായി ലഭിക്കും. 11 വേദികളിലായി സെമിയും ഫൈനലും കൂടാതെ 45 മത്സരങ്ങളാണ് ലോകകപ്പിന്റെ ഭാഗമായി നടത്തപ്പെടുക. നവംബർ 15ന് മുബൈയിലും 16ന് കൊൽക്കത്തയിലുമാണ് സെമി ഫൈനൽസ് നടക്കുക. കിരീടപ്പോരാട്ടം നവംബർ 19ന് അഹമ്മദാബാദിലാണ് നടത്തപ്പെടുക. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിന് അഹമ്മദാബാദ് ഒക്ടോബര്‍ 15-ന് വേദിയാകും.