കൂൾ ക്യാപ്റ്റനായ എം.എസ് ധോണിയുടെ വാഹന ശേഖരത്തിൽ ഒരു ആഡംബര വാഹനം കൂടി. മെഴ്സിഡീസിൻ്റെ പുത്തൻ എസ്യുവിയാണ് ധോണി സ്വന്തമാക്കിയത്. 3.30 കോടി രൂപ എക്സ് ഷോറും വിലയുള്ള മെഴ്സിഡീസ് ജി 63 എഎംജിയാണ് ധോണി പുതുതായി വാങ്ങിയത്.
പൂജ്യത്തിൽ നിന്ന് 100 കിലോ മീറ്റർ വേഗതയിലെത്താൻ 4.5 സെക്കന്റിനുള്ളിൽ ഈ വാഹനത്തിന് സാധിക്കും. തന്റെ ആഡംബര വാഹനത്തിനായി 0007 എന്ന ഫാൻസി നമ്പരാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിൽ ഏഴാം നമ്പർ ജേഴ്സി ധരിച്ചാണ് ധോണി കളിക്കുന്നത്. അതിനാലാണ് താരം അതേ നമ്പറ് വാഹനത്തിനായി തിരഞ്ഞെടുത്തതുമെന്നാണ് സൂചന. ജാർഖണ്ഡ് രജിസ്ട്രേഷനിലുള്ളതാണ് വാഹനം.
കഴിഞ്ഞ മാസമാണ് താരം ഈ ആഡംബര വാഹനം സ്വന്തമാക്കിയതെങ്കിലും ചിത്രങ്ങളും വീഡിയോകളും ഇപ്പോഴാണ് പുറത്തുവിട്ടത്. റാഞ്ചിയിലെ ധോണിയുടെ ഫാം ഹൗസിൽ കാറുകളുടേയും ബൈക്കുകളുടേയും വൻ ശേഖരം തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്.