അഞ്ച് റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളിന് മുന്നിൽ 81 റൺസിന് തോറ്റ് ഐപിഎൽ പതിനാറാം സീസണിൽ നിന്ന് ലക്നൗ സൂപ്പർ ജയന്റ്സ് പുറത്ത്. ഇതോടെ ഗുജറാത്ത് ടൈറ്റൻസുമായുള്ള രണ്ടാം ക്വാളിഫയറിന് മുംബൈ ഇന്ത്യൻസ് ടിക്കറ്റെടുത്തു.
ചെപ്പോക്കിലെ എലിമിനേറ്ററിൽ മുംബൈ മുന്നോട്ടുവെച്ച 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിന്റെ എല്ലാവരും 101 റൺസിന് പുറത്തായി. സ്കോർ: മുംബൈ- 182/8 (20), ലക്നൗ- 101 (16.3). മുംബൈക്കായി പേസർ ആകാശ് മധ്വാൾ 3.3 ഓവറിൽ വെറും അഞ്ച് റണ്ണിന് 5 വിക്കറ്റ് വീഴ്ത്തി. മുംബൈ ഇന്ത്യൻസ് ഫൈനലുറപ്പിക്കാൻ 26-ാം തിയതി നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടണം.
മറുപടി ബാറ്റിംഗിൽ പവർപ്ലേയ്ക്കിടെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ രണ്ട് വിക്കറ്റുകൾ മുംബൈ ഇന്ത്യൻസ് വീഴ്ത്തി. 6 പന്തിൽ 3 നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്വാളും 13 പന്തിൽ 19 നേടിയ കെയ്ൽ മെയേഴ്സിനെ ക്രിസ് ജോർദാനും ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ഇതിന് ശേഷം ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും ക്രുനാൽ പാണ്ഡ്യയും ചുമതല ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തിൽ 1), നിക്കോളാസ് പുരാനേയും(1 പന്തിൽ 0) ആകാശ് മധ്വാൾ പുറത്താക്കി. ഇതോടെ 9.5 ഓവറിൽ 74-5 എന്ന നിലയിൽ ലക്നൗ വീണു.
ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 12-ാം ഓവറിൽ ടിം ഡേവിഡിന്റെ പന്തിൽ ഇഷാൻ കിഷന്റെ സ്റ്റംപിംഗ് വഴിത്തിരിവായി. 27 പന്തിൽ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും(3 പന്തിൽ 2) അനാവാശ്യ ഓട്ടത്തിൽ റണ്ണൗട്ടായി. രവി ബിനോയിയെ 15-ാം ഓവറിൽ പുറത്താക്കി മധ്വാൾ നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറിൽ ദീപക് ഹൂഡയും(13 പന്തിൽ 15) റണ്ണൗട്ടായി. അവസാനക്കാരൻ മൊഹ്സീൻ ഖാൻറെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്വാൾ മുംബൈക്ക് 81 റൺസിന്റെ തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു.