ഐപിഎൽ പോരാട്ടം അവസാന ലാപ്പിലേയ്ക്കടുക്കുമ്പോൾ പ്ലേഓഫിൽ സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീമുകൾ. ഇന്നലെ രാത്രി നടന്ന മത്സത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് പ്ലേഓഫിൽ സീറ്റുറപ്പിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു. ശക്തമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു പ്ലേ ഓഫിൽ ഇടം നേടിയത്.
ക്രിക്കറ്റ് ലോകത്തിന്റെ കണക്കുകൂട്ടലിൽ ചെന്നൈ സൂപ്പർ കിങ്സിനായിരുന്നു പ്ലേഓഫ് സാധ്യത. എന്നാൽ അവയെല്ലാം കാറ്റിൽ പറത്തുകയായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കളം നിറഞ്ഞത്. തുച്ഛമായ സാധ്യതകൾക്കുമേൽ വളരെ ആവേശകരമായ ബാറ്റിങ്ങും ബൗളിങ്ങും നടത്തി ഡു പ്ലെസിസും സംഘവും ഒടുവിൽ പ്ലേഓഫിൽ ഇടംനേടി. ചെന്നൈക്ക് മുന്നിൽ ബംഗളൂരു 219 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസായിരുന്നു ബംഗളൂരുവിൻ്റെ സമ്പാദ്യം.
മറുപടിയായി ചെന്നൈക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 191 റൺസ് നേടാനേ സാധിച്ചുള്ളു. ഇതോടെ ബംഗളൂരു 27 റൺസിന് ജയം ഉറപ്പിക്കുകയും പ്ലേഓഫ് യോഗ്യത നേടുകയും ചെയ്തു. ഹൈദരാബാദ്, കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾ നേരത്തേ തന്നെ പ്ലേഓഫിൽ സീറ്റുറപ്പിച്ചിരുന്നു.