ആദ്യ വനിത ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെ ഏഴുവിക്കറ്റിന് തകർത്ത് ഇന്ത്യ. ബംഗ്ലാദേശ് ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
അരങ്ങേറ്റ മത്സരത്തിൽ തിളങ്ങിയ മലയാളി താരം മിന്നു മൂന്നോവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഇന്ത്യൻ ടീമിന്റെ നായിക ഹർമൻപ്രീത് സിങ്ങ് 35 പന്തുകളിൽ നിന്ന് 54 റൺസെടുത്ത് പുറത്താവാതെ നിന്നു. 115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തിരിച്ചടിയോടെയായിരുന്നു. 21 റൺസെടുക്കുന്നതിനിടെ ഓപ്പണറായ ഷഫാലി വർമയും (0) ജെമീമ റോഡ്രിഗസും (11) ആദ്യംതന്നെ പുറത്തായി.
പിന്നീട് ഇന്ത്യയെ രക്ഷിച്ചത് പിന്നാലെ ക്രീസിലൊന്നിച്ച സ്മൃതി മന്ഥാനയും ഹർമൻപ്രീത് കൗറും ചേർന്നായിരുന്നു. എന്നാൽ ടീം സ്കോർ 91-ൽ നിൽക്കേ 34 പന്തിൽ 38 റൺസെടുത്ത സ്മൃതിയെ സുൽത്താന പുറത്താക്കി. പിന്നാലെ വന്ന യസ്തിക ഭാട്ടിയയുമായി ചേർന്ന് ഹർമൻപ്രീത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 28 റൺസെടുത്ത ഷോർണ അക്തറുടെയും 23 റൺസ് നേടിയ ശോഭന മോസ്റ്റാറിയുടെയും മികവിലാണ് 114 റൺസെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി മിന്നു മണിയ്ക്ക് പുറമേ ഷഫാലി വർമയും പൂജ വസ്ത്രാകറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം ജൂലായ് 11 ന് നടക്കും.