ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നിറങ്ങും. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം നടക്കാതെപോയപ്പോൾ രണ്ടാം മത്സരത്തിൽ മഴയേത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമം ഉപയോഗിച്ചതോടെ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്നത്തെ മത്സരം ജയിക്കേണ്ടത് ഇതോടെ ഇന്ത്യയ്ക്ക് അനിവാര്യമായിരിക്കുകയാണ്.
ഇന്ന് രാത്രി 8.30-ന് ജൊഹാനസ്ബർഗിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരം നടക്കുക. ഡർബനിലെ കിങ്സ്മീഡിൽ നടക്കാനിരുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴമൂലമാണ് ഉപേക്ഷിച്ചത്. എന്നാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും ജയിക്കാൻ സാധിക്കാതെപോയ മത്സരമായിരുന്നു പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ നടന്ന രണ്ടാം ടി20. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസിൽ നിൽക്കെ പെയ്തൊരു മഴയിൽ കളിയുടെ ഗതി മാറിയ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പുനർനിർശ്ചയിച്ച 15 ഓവറിൽ 152 റൺസ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 13.5 ഓവറിൽ മറികടന്നു.
ഇതോടെയാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് കാലിടറിയാൽ എയ്ഡൻ മാർക്രത്തിനും സംഘത്തിനും 2-0ന് പരമ്പര സ്വന്തമാക്കാൻ സാധിക്കും. അതിനാൽ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളുൾപ്പെടുന്ന ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോർമാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്.