കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യത്തെ ടെസ്‌റ്റ് വിജയം ആഘോഷിച്ച് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷ്യത്തിലേക്ക് 13 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യയെത്തി. ഇതോടെ പരമ്പര 1-1ന് സമനിലയിലായി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ 36.5 ഓവറിൽ 176 റൺസെടുത്തു പുറത്തായിരുന്നു. രണ്ടാം ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജിന് മുന്നിൽ കീഴടങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയാണ് തകർത്തത്. 13.5 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 61 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ എയ്‌ഡൻ മാർക്റാം സെഞ്ച്വറി തികച്ചു. 103 പന്തുകൾ നേരിട്ട താരം 106 റൺസെടുത്താണ് പുറത്തായത്.
ക്യാപ്റ്റൻ ഡീൻ എൽഗാർ (28 പന്തിൽ 12), ടോണി ഡെ സോർസി (7 പന്തിൽ 1), ട്രിൻ സബ്‌സ് (14 പന്തിൽ 1) എന്നിവർ ഇന്നലെ പുറത്തായിരുന്നു. ഇന്ന് കളി തുടങ്ങിയതിന് തൊട്ടുപിന്നാലെ ബുമ്ര വിക്കറ്റ് വേട്ടയും ആരംഭിച്ചു. 18-ാം ഓവറിലെ അവസാന പന്തിൽ ഡേവിഡ് ബേഡിങ്ങാമിനെ ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ചു. കെയ്ൻ വെരെയ്ൻ (ഏഴ് പന്തിൽ ഒൻപത്), മാർകോ ജാൻസൻ (ഒൻപത് പന്തിൽ 11), കേശവ് മഹാരാജ് (നാല് പന്തിൽ മൂന്ന്) എന്നിവരും ബുമ്രയ്ക്ക് മുന്നിൽ കീഴടങ്ങി. തൊട്ടുപിന്നാലെ മുഹമ്മദ് സിറാജിന്റെ പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ ക്യാച്ചെടുത്തതോടെ മാർക്റാം പുറത്തായി. 12 പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത റബാദയെ പ്രസിദ്ധ് കൃഷ്ണ മടക്കിയപ്പോൾ എൻഗിഡിനെയും ബുമ്ര തിരിച്ചയച്ചു.
യശസ്വി ജയസ്വാൾ (23 പന്തിൽ 28), ശുഭ്‌മൻ ഗിൽ (11 പന്തിൽ 10), വിരാട് കോലി (11 പന്തിൽ 12) എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടാം ഇന്നിങ്‌സിൽ പുറത്തായ ബാറ്റർമാർ. ക്യാപ്റ്റൻ രോഹിത് ശർമ (22 പന്തിൽ 17), ശ്രേയസ് അയ്യർ (ആറ് പന്തിൽ നാല്) എന്നിവർ പുറത്താകാതെ നിന്നു. ധോണിക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്‌റ്റ് പരമ്പര സമനിലയിലാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് ഇതോടെ രോഹിത് ശർമയെത്തി. കേപ്‌ടൗണിൽ ടെസ്‌റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ക്യാപ്റ്റൻ കൂടിയായി രോഹിത് മാറി.