രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ഏകദിനത്തിലെ 8 വിക്കറ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്ക ഇന്ത്യയോട് പകരംവീട്ടി. ഓപ്പണർമാരായ ടോണി ഡെ സോർസിയുടെ സെഞ്ച്വറി മികവും റീസ ഹെൻട്രിക്സിന്റെ അർധസെഞ്ച്വറിയുമാണ് പ്രോട്ടീസിന് വിജയം സമ്മാനിച്ചത്. 42.3 ഓവറിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ വിജയം വീതം നേടി പരമ്പര 1-1 എന്ന സമനിലയിലായി. അടുത്ത മത്സരം നാളെ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടക്കും.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ചു. തുടക്കത്തിൽ തന്നെ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. 46.2 ഓവറിൽ 211 റൺസെടുക്കുന്നതിനിടെ പത്ത് വിക്കറ്റും വീണു. സായ് സുദർശനും (83 പന്തിൽ 62 റൺസ്) ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ.എൽ രാഹുലും (64 പന്തിൽ 54 റൺസ്) മാത്രമാണ് ഇന്ത്യയ്ക്കായി കാര്യമായ സംഭാവന നൽകിയത്. ബൗളിങ് താരം അർഷ്‌ദീപ് സിങ്ങും മികച്ച പ്രകടനം കാഴ്ചവെച്ചു (17 പന്തിൽ 18 റൺസ്). ഇന്ത്യൻ നിരയിൽ അഞ്ച് പേരും രണ്ടക്കം തികയ്ക്കാതെ പുറത്തായി. സഞ്ജു സാംസൺ 23 പന്തിൽ നിന്ന് 12 റൺസ് മാത്രമാണെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബർഗർ പത്ത് ഓവറിൽ 30 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്തു. ബ്യൂറൻ ഹെൻട്രിക്‌സും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റുകളും നേടി. ലിസാർഡ് വില്യംസ്, എയ്‌ഡൻ മർക്രം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടോണി ഡെ സോർസിയും റീസ ഹെൻട്രിക്സും ചേർന്ന് 130 റൺസിൻ്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പിന്നീടെത്തിയ റസീ വാൻ ഡെർ ഡസനും ഇവർക്ക് മികച്ച പിന്തുണ നൽകി. പുറത്താവാതെ 122 പന്തുകളിൽ നിന്ന് 119 റൺസാണ് ഡെ സോർസി നേടിയത്. 81 പന്തുകൾ നേരിട്ടാണ് ഹെൻട്രിക്സ് 52 റൺസെടുത്തത്. 36 റൺസെടുത്ത ഡസനെ ക്യാച്ചിൽ സഞ്ജു പുറത്താക്കി. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിങ്ങും റിങ്കു സിങ്ങും ഓരോ വിക്കറ്റും നേടി.