ഇംഗ്ലണ്ടിനെതിരായ വനിത ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയിക്കണം. ആദ്യ മത്സരം 38 റൺസിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 1-0ന് മുന്നിലാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7 മണി മുതലാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന മലയാളി താരം മിന്നു മണി ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന. ബൗളിങ്ങിലും ഫീൽഡിങ്ങിലും വരുത്തിയ വീഴ്ചകളായിരുന്നു ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിയ ഷെഫാലി വർമയുടെ ഫോം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ എന്നീ സീനിയർ താരങ്ങൾ പ്രതീക്ഷയ്ക്കൊത്തുയരാത്തതാണ് ഇന്ത്യയെ പരാജയത്തിലേയ്ക്ക് നയിച്ചത്.
ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനുറച്ചാണ് ഇംഗ്ലണ്ട് ടീം കളത്തിലിറങ്ങുക. ഡാനിയേൽ വ്യാട്ട്, നാറ്റ് സിവർ ബ്രെൻ്റ് എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഒന്നാം ട്വന്റി20യിൽ ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്. 3 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സോഫി എക്ലെസ്റ്റന്റെ ബോളിങ് മികവും ഇംഗ്ലണ്ടിനെ ജയത്തിലേയ്ക്ക് അടുപ്പിച്ചു.