ലോകകപ്പ് കിരീട ജേതാക്കളോട് ശക്തമായി ഏറ്റുമുട്ടി മുന്നേറുകയാണ് ഇന്ത്യ. ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയും നേരിട്ടു. ഓപ്പണർമാരായ മിച്ചൽ മാർഷ്, ഡേവിഡ് വാർണർ എന്നിവരുടെ രണ്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
മൂന്നാം ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ മിച്ചൽ മാർഷിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായി. ആറ് പന്ത് നേരിട്ട് റൺസൊന്നും എടുക്കാൻ കഴിയാതെ വന്ന മാർഷിനെ ജസ്പ്രീത് ബുംറ വിരാട് കോലിയിലേയ്ക്ക് എത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഡേവിഡ് വാർണർ വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ടീം സ്കോർ 74-ൽ എത്തിച്ചു. എന്നാൽ കുൽദീപ് യാദവിലൂടെ ഈ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.
52 പന്തിൽ 41 റൺസെടുത്ത വാർണറെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി കുൽദീപ് വിക്കറ്റ് സ്വന്തമാക്കി. വാർണർക്ക് പകരം മാർനസ് ലബൂഷെയ്നാണ് ക്രീസിലെത്തിയത്. ഇന്ത്യൻ ടീമിൽ സൂപ്പർ താരം ശുഭ്മാൻ ഗിൽ ആരോഗ്യവാനല്ലാത്തതിനാൽ ഇന്ന് കളിക്കുന്നില്ല. ഗില്ലിന് പകരം ഇഷാൻ കിഷൻ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യും. മൂന്ന് സ്പിന്നർമാരും മൂന്ന് പേസർമാരുമാണ് ഇന്ത്യയ്ക്ക് വേണ്ടി അണിനിരക്കുന്നത്.