ഇംഗ്ലീഷ് പടയോട്ടത്തിന് മുന്നില്‍ അടിപതറിയ ഇറാന് ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ കനത്ത തോല്‍വി. മത്സരത്തിൻ്റെ തുടക്കം മുതൽ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിൻ്റെ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ജയിച്ചത്.
ആദ്യ പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾമഴ പെയ്യിച്ചത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടേതായിരുന്നു.
ആദ്യ മിനിറ്റുകളില്‍ തന്നെ ഏറിയ പങ്ക് ബോള്‍ പൊസിഷനും നേടി കളത്തില്‍ ഇംഗ്ലണ്ട് മേധാവിത്വം ഉറപ്പിച്ചു. ഇതോടെ ഇറാന്‍ പല ഘട്ടത്തിലും കഠിനമായ അടവുകള്‍ പുറത്തെടുക്കാൻ ശ്രമിച്ചു. ഇംഗ്ലണ്ടിന് കാത്തിരുന്ന ആ നിമിഷം എത്തിയത് 35-ാം മിനിറ്റിലാണ്. ഇടത് വിംഗില്‍ നിന്ന് ലൂക്ക് ഷോയുടെ ക്രോസ് ബെല്ലിംഗ്ഹാമാണ് വലയിലെത്തിച്ചത്.
തുടര്‍ന്നും ഇംഗ്ലണ്ട് ആക്രമണം തുടർന്നു. 43-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ടിന് അടുത്ത ഗോള്‍. രണ്ടാം ഗോളിന്‍റെ ആഘാതത്തില്‍ തീരുമുൻപ് ഇംഗ്ലണ്ടിൻ്റെ അടുത്ത പ്രഹരമെത്തി.
ഇഞ്ചുറി ടൈമിന്‍റെ 11-ാം മിനിറ്റിലാണ് ഇറാന് ഒരവസരം വന്നത്. സാക്കയുടെയും സ്റ്റെര്‍ലിംഗിന്‍റെയും വേഗതയാണ് ഇറാന് ഭീഷണിയായത്. 62-ാം മിനിറ്റില്‍ സാക്ക രണ്ടാം ഗോള്‍ സ്വന്തം പേരിലെഴുതി.
ഗോലിസാദേഹിന്‍റെ ബോക്സിലേക്കുള്ള ത്രൂ ബോളില്‍ മഗ്വെയറിന്‍റെ പിന്നിലൂടെ ഓടിക്കയറിയ തരേമിയുടെ ഷോട്ട് പിക്ഫോര്‍ഡിന് തടയാൻ കഴിഞ്ഞില്ല. പിന്നാലെ ഇംഗ്ലണ്ട് ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി.
ഹാരി കെയ്ന്‍റെ അസിസ്റ്റില്‍ പകരക്കാരനായി വന്ന് സെക്കന്‍ഡുകള്‍ കൊണ്ട് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഗോളടിച്ചു. 90 മിനിറ്റില്‍ ഗ്രീലിഷിൻ്റെ ഗോളോടെ ഇംഗ്ലണ്ടിന്‍റെ ഗോളടിമേളം പൂര്‍ത്തിയായി. ഇഞ്ചുറി ടൈമില്‍ ഇറാന്‍റെ ചില മിന്നല്‍ നീക്കങ്ങള്‍ ഇംഗ്ലീഷ് ബോക്സ് വരെയെത്തിയെങ്കിലും പിക്ഫോര്‍ഡ് തടഞ്ഞു.