ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. 38 റൺസിനായിരുന്നു ഇംഗ്ലണ്ടിനോട് ഇന്ത്യ തോൽവി സമ്മതിച്ചത്. ഇംഗ്ലണ്ട് 20 ഓവറിൽ ആറിന് 197, ഇന്ത്യ 20 ഓവറിൽ ആറിന് 159 എന്നിങ്ങനെയായിരുന്നു സ്കോർനില. മൂന്ന് മത്സരങ്ങളുൾപ്പെട്ട പരമ്പരയിൽ ഇംഗ്ലണ്ട് ഇതോടെ 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ശനിയാഴ്‌ച നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ഓപ്പണർ ഷെഫാലി വർമ (42 പന്തിൽ 52) അർധസെഞ്ച്വറിയോടെ പൊരുതിയെങ്കിലും പിന്നാലെയെത്തിയ ടീമിലെ മറ്റാർക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. ഹർമൻപ്രീത് (26), റിച്ചാഘോഷ് (21) എന്നിവർ കളിയിലുടനീളം പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ സ്‌മൃതി മന്ഥാന (ആറ്), ജമീമ റോഡ്രിഗസ് (നാല്), കനിക അഹൂജ (15) എന്നിവർ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഓപ്പണർ ഡാനി വ്യാറ്റും (47 പന്തിൽ 75) നാറ്റ് സിവർ ബ്രണ്ടും (53 പന്തിൽ 77) നേടിയ അർധസെഞ്ച്വറികളുടെ പിൻബലത്തിലാണ് മികച്ച സ്കോറർ നേടി. ആമി ജോൺസ് ഒമ്പത് പന്തിൽ നിന്ന് 23 റൺസ് നേടി. ഇന്ത്യക്കായി രേണുക സിങ് മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റും വീഴ്ത്തി.