കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഗ്രാൻഡ്‌മാസ്റ്റർ ദൊമ്മരാജു ഗുകേഷ്. ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിലാണ് 17-കാരനായ ദൊമ്മരാജു ഗുകേഷ് വിജയിച്ചത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിജയിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുകേഷ്.
14-ാം റൗണ്ടിൽ യുഎസിൻ്റെ ഹിക്കാരു നാക്കാമുറയെ സമനിലയിൽ തളച്ച് 9 പോയൻ്റോടെയാണ് ഗുകേഷ് ജേതാവായത്. 2014-ൽ വിശ്വനാഥൻ ആനന്ദ് ജേതാവായ ശേഷം കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി. ഇതോടെ ഈ വർഷം നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷ് നിലവിലെ ലോകചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ നേരിടും.
കാൻഡിഡേറ്റ്സ് ജേതാവിന് 48 ലക്ഷത്തോളം രൂപയാണ് സമ്മാനം ലഭിക്കുക. രണ്ടാം സ്ഥാനക്കാരന് 28.6 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാരന് 21.5 ലക്ഷം രൂപയും ലഭിക്കും. 12-ാം വയസിൽ ഗ്രാൻഡ്‌മാസ്റ്റർ പട്ടം നേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗുകേഷ് കഴിഞ്ഞ വർഷം ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല.