കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ആശാൻ പടിയിറങ്ങി. ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനമാണ് ഇവാൻ വുകോമനോവിച്ച് ഒഴിഞ്ഞത്. ക്ലബ്ബും വുകോമനോവിച്ചും തമ്മിൽ പരസ്പരധാരണയോടെയാണ് ഈ തീരുമാനമെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. വുകോമനോവിച്ച് നൽകിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിൻ്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളും നേർന്നു.
ഐ.എസ്.എൽ സീസണിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് പിന്നാലെയാണ് ഇവാന്‍ വുകോമനോവിച്ചിന്റെ സ്ഥാനമൊഴിയൽ. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാൻ്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരവധി മികച്ച പ്രകടനങ്ങളും നടത്തിയിരുന്നു. തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു.
മാത്രമല്ല, ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം തന്നെ ടീം റണ്ണേഴ്സ് അപ്പാവുകയും ചെയ്തിരുന്നു. ഇവാൻ എത്തിയതോടെ പോയിൻ്റുകളുടെയും ഗോൾ സ്കോറുകളുടെയും കണക്കിൽ ബ്ലാസ്‌റ്റേഴ്‌സ് ബഹുദൂരം മുന്നേറുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടുകൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യനായ പുതിയ പരിശീലകനെ നിയമിക്കാനുള്ള നടപടികൾ ക്ലബ്ബ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.