ഏഷ്യൻ ഗെയിംസിലെ അഞ്ചാം ദിനത്തിലും മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഇന്ന് ഒരു സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സര്ജോത് സിങ്, അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം വെടിവെച്ചിട്ടത്.
വുഷുവിൽ ഇന്ത്യയുടെ റോഷ്ബിന വെള്ളി മെഡൽ സ്വന്തമാക്കി. 60 കിലോ വനിതാ വിഭാഗത്തിൽ താരം ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ റോഷ്ബിന വെങ്കലം നേടിയിരുന്നു. നിലവിൽ ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 24 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.