ഏഷ്യൻ ഫുട്ബോൾ ലീഗിൽ മത്സരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ഉൾപ്പെട്ട സൗദി ക്ലബ് ഇറാനിലേയ്ക്ക്. ഏഴ് വർഷത്തിന് ശേഷമാണ് സൗദി ക്ലബ്ബുകളും താരങ്ങളും ഇറാൻ ഗ്രൗണ്ടുകളിൽ മത്സരത്തിനിറങ്ങുന്നത്. ഇരു രാജ്യങ്ങളിലെയും സ്റ്റേഡിയങ്ങളിൽ മത്സരിക്കാൻ ക്ലബ്ബുകൾക്ക് ഉണ്ടായിരുന്ന വിലക്ക് ഇരുഫുട്ബോൾ ഫെഡറേഷനുകളും പിൻവലിച്ചതോടെയാണ് പുതിയ തീരുമാനം. ഹോം മത്സരങ്ങളും, എവേ മത്സരങ്ങളും പുനരാരംഭിക്കാൻ സൗദി, ഇറാൻ ഫുട്ബോൾ ഫെഡറേഷനുകൾ തീരുമാനിച്ചു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സെപ്റ്റംബർ 19 ന് ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ ഇറാൻ ക്ലബ്ബിനെതിരെ ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മറിന്റെ അൽ ഹിലാലും കരീം ബെൻസിമയുടെ അൽ ഇത്തിഹാദും ഇറാനിൽ ഏറ്റുമുട്ടും. ഇതുവരെ ഇരുരാജ്യങ്ങളിലും ഉൾപ്പെടാത്ത ഗ്രൗണ്ടുകളായിരുന്നു മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നത്. നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെ ഫുട്ബോളിലും ഒരുമിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാകും.