ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മികച്ച വിജയം സ്വന്തമാക്കിയ കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. ഇപ്പോൾ റായ്ബറേലി, വയനാട് എന്നീ മണ്ഡലങ്ങളിൽ ഏത് മണ്ഡലം നിലനിർത്തണമെന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. അതിനിടെ രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ്, റായ്ബറേലിയിൽ തുടരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വയനാട് സന്ദർശിച്ചശേഷമാകും രാഹുൽ ഗാന്ധി സീറ്റ് ഒഴിയുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നാണ് സൂചന. അതേസമയം, പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാൽ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ ശക്തമാകുന്നത്.
റായ്ബറേലി ഗാന്ധി കുടുംബത്തിൻ്റെ തട്ടകമാണ്. 20 വർഷമായി സോണിയ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് യുപിയിലെ റായ്ബറേലി. രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു.